കോഴിക്കോട്: കൊയിലാണ്ടി താലൂക്കില്‍ മുത്തായം മുതല്‍ കോടിക്കല്‍ വരെയുള്ള തീരദേശപാത നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ അനുമതി നല്കി. പദ്ധതിക്കായി കൊയിലാണ്ടി താലൂക്കിലെ മൂടാടി, തിക്കോടി വില്ലേജുകളില്‍ നിന്നായി ആകെ 7.286 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
2013 ലെ എല്‍എആര്‍ആര്‍ നിയമപ്രകാരമാണ് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുക. പദ്ധതി പ്രദേശത്ത് സാമൂഹ്യാഘാത പഠനം നടത്തുന്നതിനായി തിക്കോടിയിലെ വീക്കേ കണ്‍സള്‍ട്ടന്‍സി സെന്റര്‍ എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. പദ്ധതി പ്രദേശത്തെ കുടുംബങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിനായി പബ്ലിക് ഹിയറിംഗും നടത്തി.
ഈ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വിലയിരുത്താന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ രൂപീകരിച്ച വിദഗ്ധ സമിതിയും ജില്ലാ കളക്ടറും ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിലേക്ക് ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അന്തിമ അനുമതി നല്‍കിയിരിക്കുന്നത്.
ഏറ്റെടുക്കുന്ന ഭൂമിയില്‍ നെല്‍വയലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ പരിവര്‍ത്തനം ചെയ്യാന്‍ പാടുള്ളൂന്ന വ്യവസ്ഥയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കൂടുതല്‍ തുടര്‍നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും.
Tags : nattu vishesham Construction of Koilandi coastal road