കോട്ടയം: വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്കു 993 രൂപ കൂട്ടിയതോടെ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 19 കിലോഗ്രാം സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കോട്ടയത്തെ വില 3096 രൂപയായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്.
അതേസമയം ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇന്ധനവിലയും ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയും ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന ഈ വിലവര്‍ധന ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കേറ്ററിംഗ് സ്ഥാപനങ്ങള്‍, മറ്റ് ചെറുകിട വ്യവസായങ്ങള്‍ എന്നിവയെ സാരമായി ബാധിക്കും. പ്രവര്‍ത്തനചെലവ് കുത്തനെ ഉയരുന്നതോടെ വിലക്കയറ്റത്തിനും സാധ്യതയുണ്ട്.
ഹോട്ടല്‍ ഭക്ഷണത്തിനു പുറമെ പെട്രോള്‍, ഡീസല്‍ വിലയും വര്‍ധിക്കുന്നതോടെ സമസ്ത മേഖലയിലും വിലവര്‍ധന ഉണ്ടായേക്കും. ഇതോടെ സാധാരണക്കാരന്റെകുടുംബ ബജറ്റ് താളം തെറ്റും. അടുത്ത മാസം സ്കൂള്‍ തുറക്കല്‍ ഉള്‍പ്പെടെയുള്ള വലിയ ചെലവുകള്‍ ഉണ്ടാകും. അതിനിടയിലാണ് അപ്രതീക്ഷിതമായി സിലിണ്ടറുകളുടെ വില വര്‍ധനയും മറ്റു മേഖലയിലെ വിലക്കറ്റവും ഉണ്ടാകുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ചെറുകിട ഭക്ഷണ സംരംഭ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ സിലിണ്ടറുകള്‍ക്കു കടുത്ത ക്ഷാമമാണ് നേരിട്ടത്. ഈ പ്രതിസന്ധിയില്‍നിന്ന് ഹോട്ടലുകള്‍ കഷ്ടിച്ചു രക്ഷപ്പെട്ടു വരുമ്പോഴാണു വീണ്ടും കേന്ദ്രസര്‍ക്കാര്‍ വില വര്‍ധിപ്പിച്ചു തിരിച്ചടി നല്‍കുന്നത്. ഹോട്ടലുകള്‍ അടച്ചപ്പോള്‍ ജോലി നഷ്ടപ്പെട്ടവരില്‍ പലര്‍ക്കും ജോലി തിരികെ ലഭിച്ചിട്ടില്ല. ഇതിനു പുറമെ പശ്ചിമ ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിവന്നിട്ടുമില്ല.
താങ്ങാന്‍ സാധിക്കില്ല പ്രവര്‍ത്തനച്ചെലവ്
സിലിണ്ടറിന്റെ വില 3000 കടന്നതോടെ ഹോട്ടലുകളുടെയും തട്ടുകടകളുടെയും പ്രവര്‍ത്തനചെലവ് താങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെയാണ് ഇന്ധനവിലയും വര്‍ധിച്ചത്. ഈ സാഹചര്യത്തില്‍ ഭക്ഷണ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ഹോട്ടലുടമകളുടെ നിലപാട്.
ഇത് സാധാരണക്കാരായ ജനങ്ങള്‍ക്കും വലിയ തിരിച്ചടിയാകും. സൂചനാ പണിമുടക്കിനുശേഷം അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. വലിയതോതില്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ ഗ്യാസ് സബ്സിഡി പുനഃസ്ഥാപിക്കണമെന്നും ഹോട്ടലുടമകള്‍ ആവശ്യപ്പെടുന്നു.
ബുക്കിംഗില്‍ മാറ്റങ്ങള്‍
ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിംഗില്‍ പരിഷ്കാരങ്ങള്‍ പ്രാബല്യത്തിലായി. നഗരപ്രദേശങ്ങളില്‍ ഇനിമുതല്‍ 25 ദിവസത്തിനുശേഷമേ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഗ്രാമപ്രദേശങ്ങളില്‍ ഇതു 45 ദിവസമാണ്.
ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിൽ
അഞ്ചു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്കുന്ന മേഖലയാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ്. പാചകവാതകത്തിന് ഇങ്ങനെ വില വര്‍ധിച്ചാല്‍ ഈ മേഖല കടുത്ത പ്രതിസന്ധിയിലാവുകയും നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യും. പശ്ചിമേഷ്യയില സംഘര്‍ഷത്തോടനുബന്ധിച്ചാണ് പാചകവാതക പ്രതിസന്ധി തുടങ്ങുന്നത്.
സര്‍ക്കാര്‍ ഏജന്‍സികളിലെ സിലിണ്ടര്‍ വിതരണം പ്രതിസന്ധിയിലായപ്പോഴും സ്വകാര്യ ഏജന്‍സികള്‍ സിലിണ്ടര്‍ വിതരണം ചെയ്തിരുന്നു. അവര്‍ 4500 രൂപയോളം ഒരു സിലിണ്ടറിന് ഈടാക്കിയിരുന്നു. യഥാര്‍ഥത്തില്‍ പാചകവാതക പ്രതിസന്ധിയുണ്ടായിട്ടല്ല വില വര്‍ധിപ്പിക്കുന്നത്.
കെ.കെ. ഫിലിപ്പുകുട്ടി ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോ. ജില്ലാ പ്രസിഡന്റ്
Tags : nattu vishesham Cooking gas price hike