പ്രതീകാത്മക ചിത്രം
കോഴിക്കോട്: പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കൂടിയതോടെ കോഴിക്കോട് മെഡിക്കല് കോളജില് പ്രതിസന്ധി രൂക്ഷം.
രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തികകൾ വർധിപ്പിക്കാത്തതും ഉള്ള ജീവനക്കാരെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് സ്ഥലം മാറ്റിയതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. സമീപ കാലത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകളായി പനിക്കാലം കൂടിയായതോടെ രോഗികളുടെ എണ്ണവും കുത്തനെ കൂടി. ജൂലൈയിൽ 30,208 പേരാണ് പനി ബാധിച്ച് എത്തിയത്. ഈ മാസം ഇതുവരെ ഇത് ഇരുപതിനായിരത്തോളം വരും. വിവിധ അസുഖങ്ങൾ ബാധിച്ച് ശരാശരി 500ലേറെ പേരെയാണ് ഒരു ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഇത് നഴ്സുമാരുടെയും ഡോക്ടർമാരുടെയും ജോലി ഭാരവും വർധിപ്പിച്ചിട്ടുണ്ട്. ഒരു നഴ്സ് അമ്പതും നൂറും വരെ രോഗികളെ വരെ പരിചരിക്കേണ്ട സാഹചര്യം പലപ്പോഴുമുണ്ടാകുന്നുണ്ട്.
സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുമ്പോഴും ഇൻഫെക്ഷൻ ഡിസീസസ് വിഭാഗത്തിൽ നാലു വർഷമായി ഡോക്ടർമാരില്ലാത്ത അവസ്ഥയാണ്. 1961ൽ നിശ്ചയിച്ച സ്റ്റാഫ് പാറ്റേൺ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും പല തസ്തികകളും നിലനിൽക്കുന്നത്.
വിവിധ ബ്ലോക്കുകളിലായി മൂവായിരത്തിലധികം കിടക്കകളുണ്ടെങ്കിലും ഇതിന് ആനുപാതികമായി സ്ഥിരം തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പോലും ആവശ്യത്തിന് സ്ഥിരം നഴ്സിംഗ് തസ്തികകൾ അനുവദിച്ചിട്ടില്ല.