സപ്ലൈകോ ജില്ലാ ഓണം ഫെയറിലെ സ്റ്റാളുകളിലൊന്ന്.
പാലക്കാട്: ഓണക്കാല വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാനുമായി സപ്ലൈകോ കോട്ടമൈതാനത്ത് ഒരുക്കിയ ജില്ലാ ഓണം ഫെയറിൽ തിരക്കേറുന്നു.
ഈമാസം 13ന് ആരംഭിച്ച മേളയില്‍ ഇതുവരെ 1,588 ഉപഭോക്താക്കളിലായി 15,73,302 രൂപയുടെ വിറ്റുവരവുണ്ടായാതായി സപ്ലൈകോ പാലക്കാട് ഡിപ്പോ മാനേജര്‍ അറിയിച്ചു. ഇതില്‍ സബ്സിഡി ഇനത്തില്‍ 7.20 ലക്ഷം രൂപയുടെയും നോണ്‍- സബ്സിഡി ഇനത്തില്‍ 8.53 ലക്ഷം രൂപയുടെയും വില്പന നടന്നു. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനസമയം.
ജില്ലാ ഫെയറിനു പുറമെ, ഇന്നുമുതൽ 25 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകളുണ്ടായിരിക്കും.13 ഇനം അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കിലാണ് സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്നത്.
മില്‍മ, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സ്റ്റാളുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഓണത്തിനാവശ്യമായ പച്ചക്കറിയും പാലും ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും ഒരൊറ്റ കുടക്കീഴില് വാങ്ങാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്കായി ആവേശകരമായ സമ്മാനപദ്ധതികളും ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.