പ്രതീകാത്മക ചിത്രം
കൊച്ചി : നഗരത്തിലെ തെരുവുവിളക്കുകളുടെ തകരാര്‍ അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്. മഴ കനത്തതോടെയാണ് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ തെരുവുവിളക്കുകള്‍ തകരാറിലായത്.
തദ്ദേശസ്വയംഭരണ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്ഥലപരിശോധന നടത്തണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. സ്ഥലപരിശോധനാ റിപ്പോര്‍ട്ട് കോര്പറേഷന് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്കുന്ന റിപ്പോര്‍ട്ടിന് കോര്പറേഷന് സെക്രട്ടറി അടിയന്തര പ്രാധാന്യം നല്കി പരാതികള്‍ പരിഹരിക്കണം. സ്വീകരിച്ച നടപടികള്‍ കോര്പറേഷന് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം കമ്മിഷനെ അറിയിക്കണം.
കോര്പറേഷന് സെക്രട്ടറിയെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 10 ന് പത്തടിപ്പാലം റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരായി വസ്തുതകള്‍ ധരിപ്പിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അന്തരീക്ഷത്തിലെ ഉപ്പിന്റെ അംശം ഒലിച്ചിറങ്ങിയതോടെയാണ് തെരുവുവിളക്കുകള്‍ തകരാറിലായതെന്ന് പറയപ്പെടുന്നു.
പള്ളിമുക്ക്, പനമ്പിള്ളി നഗര്‍, ബൈപ്പാസ്, സ്റ്റേഡിയം ലിങ്ക് റോഡ്, തേവര, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ തെരുവുവിളക്കുകളാണ് അണഞ്ഞത്.
Tags : Streetlight NattuVishasham DistrictNews