പ്രതീകാത്മക ചിത്രം
കോഴിക്കോട് : നഗരത്തിലെ കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിലുമുള്ളതുമായ കെട്ടിടങ്ങൾ മുൻഗണനാക്രമത്തിൽ അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള നടപടികളിൽ അലംഭാവം ഉണ്ടാകരുതെന്നും അതീവ ജാഗ്രതയോടെയും സമയബന്ധിതമായും തുടർനടപടികൾ പൂർത്തിയാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വലിയങ്ങാടിയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ജില്ലയിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പരിശോധിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കെട്ടിടങ്ങളുടെ പൂർണമായ പട്ടികയും അറ്റകുറ്റപ്പണികൾ സംബന്ധിച്ച ആക്ഷൻ പ്ലാനും സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
സാങ്കേതിക വിഭാഗങ്ങളുടെ സഹകരണത്തോടെ ഇ.എം.എസ് സ്റ്റേഡിയം, ഇന്ദിര ബിൽഡിംഗ്, പാളയം ബസ് സ്റ്റന്റ്, മൊഫ്യൂസിൽ ബസ് സ്റ്റാന്റ്, അംബേദ്കർ ബിൽഡിംഗ്, ജയന്തി ബിൽഡിംഗ്, മാങ്കാവ് ഫിഷ് മാർക്കറ്റ്, ഇടിയങ്ങര മാർക്കറ്റ്, ന്യൂ ബസാർ, ചെറൂട്ടി റോഡ്, ബേപ്പൂർ ബസ്സ്റ്റാന്റ്, പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടം ഉൾപ്പെടെയുള്ള പ്രധാന കോർപ്പറേഷൻ കെട്ടിടങ്ങളിൽ പ്രാഥമിക പരിശോധന നടത്തിയതായി റിപ്പോർട്ടിൽ പറഞ്ഞു.
ചില കെട്ടിടങ്ങളിൽ പിളർപ്പും ചോർച്ചയും ചിലതിൽ ഘടനാപരമായ ബലഹീനതകളും കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന ബസ് സ്റ്റാന്റുകളിലും മാർക്കറ്റുകളിലും പ്രത്യേക സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും കോർപ്പറേഷൻ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര അറ്റകുറ്റപണികൾ ആവശ്യമുള്ള കെട്ടിടങ്ങളെ മുൻഗണനാ ക്രമത്തിൽ തിരിച്ച് നടപടിയെടുക്കാൻ കൗൺസിലിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. കൗൺസിലിന്റെ അനുമതി ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ താത്ക്കാലിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. കോർപ്പറേഷൻ ഇതിനോടകം സ്വീകരിച്ച നടപടികളിൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തി.
Tags : Nattuvishesham Local News Human Rights Commission