നെയ്യാർ ഡാം
നെയ്യാർഡാം : വെള്ളി വെളിച്ചത്തിൽ കുളിച്ച് ഡാം. നെയ്യാറിൽ ഓണാഘോഷം തുടങ്ങി. ഇന്നലെ സി.കെ. ഹരീന്ദ്രൻ എംഎൽഎ വൈദ്യുത വിളക്കുകളുടെ സിച്ചോൺ നിർവഹിച്ചതോടെയാണ് ഉദ്യാനം ദീപാലംകൃതമായത്.
ഉദ്യാനത്തിലെ പ്രതിമകൾ മിനുക്കി പണികൾ നടത്തി നന്നാക്കി കഴിഞ്ഞു. വെളിച്ചം വീണപ്പോൾ അവയ്ക്ക് ഏതാണ്ടു ജീവൻ വച്ചപോലെയായി. കേടുവന്നവ മാറ്റുകയും പുതുതായി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ടവർ, ഡാം ബ്രിഡ്ജ്, അക്വോറിയം, സൈക്കിൽപാർക്ക് എന്നിവിടങ്ങളിൽ പ്രത്യേക ദീപസംവിധാനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തുറന്ന നവീകരിച്ച കുട്ടികളുടെ പാർക്കിലും വൻ തിരക്കാണ്. മീൻമുട്ടി, മുല്ലയാർ, കൊമ്പൈക്കാണി, വരയാട്ടുമുടി എന്നിവിടങ്ങളിൽ സാഹസികസഞ്ചാരം ഏർപ്പെടുത്തും. ബോട്ട് സർവീസ് കാര്യക്ഷമമായി നടത്താൻ അഞ്ചു ബോട്ടുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ബോട്ട് സർവീസിനായി ധാരാളം പേർ എത്തുമെന്നാണ് കണക്കാക്കുന്നത്.
സ്പീഡ് ബോട്ടും തുഴച്ചിൽ ബോട്ടും യാത്രക്കാർക്കു വേണ്ടി മാറ്റിയിട്ടുണ്ട്. കാട്ടിലൂടെ യുള്ള യാത്രയ്ക്ക് ബുക്കിംഗും തുടങ്ങി കഴിഞ്ഞു. നെയ്യാർഡാമിൽ എത്തിയതിനുശേഷം ആനകളെ കാണാൻ ബസിൽ കാപ്പുകാട്ട് ആനപാർക്കിൽ എത്താനു സൗകര്യം ഒരുക്കിയിട്ടുണ്ട്. മാൻപാർക്ക്, ചീങ്കണ്ണി പാർക്ക്, എന്നിവിടങ്ങളിൽ നല്ല തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. മീൻമുട്ടി വെള്ളചാട്ടം കാണാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കാപ്പുകാട് ആനപാർക്കിൽ ഓണക്കളികളും സദ്യയും ഒരുക്കിയിട്ടുണ്ട്. നക്ഷത്ര അക്വേറിയത്തിൽ പുതിയ ഇനം മത്സ്യങ്ങളെത്തിച്ചു. ആഘോഷം 28 നു സമാപിക്കും. നെയ്യാർഡാമിൽനിന്നും സംസ്കാരിക ഘോഷയാത്രയോടെയാണ് സമാപനം. മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ജലം, വനം, തുറന്ന ജയിൽ, ഫിഷറീസ് വകുപ്പുകളും കള്ളിക്കാട് പഞ്ചായത്തും സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.