കോഴഞ്ചേരി: കൊടുംവേനല്‍ക്കാലത്ത് ദാഹശമനത്തിനായി ആശ്രയിക്കുന്ന തണ്ണിമത്തനില്‍ മധുരലോകം സൃഷ്ടിച്ചിരിക്കുകയാണ് കോഴഞ്ചേരി ബിആര്‍സിയിലെ സ്പെഷല്‍ എഡ്യുക്കേറ്റര്‍ പ്രിയ ടീച്ചര്‍. വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് കൗതുകവും പ്രിയങ്കരവും പോഷകസമൃദ്ധവുമായ തണ്ണിമത്തൻ കണ്ണിനും മനസിനും കുളിര്‍മയേകും. തണ്ണിമത്തൻ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിലേക്കാണ് ഇതിൽ പുതുമ തീർക്കാൻ പ്രിയ ടീച്ചർ തയാറായത്.
നിമിഷങ്ങള്‍ക്കകം വീട്ടില്‍തന്നെ തയാറാക്കാവുന്ന രീതിയിലാണ് നിർമാണം. എല്ലാ പഴവര്‍ഗങ്ങളും കഴിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് ഈ മധുരം പ്രിയങ്കരമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇടത്തരം തണ്ണിമത്തന്റെ മുകള്ഭാഗം വൃത്താകൃതിയില്‍ മുറിച്ചെടുത്തതിനുശേഷം അതിനുള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗം എടുത്തുകൊണ്ടാണ് നിർമാണം.
നമുക്ക് ലഭ്യമാകുന്ന എല്ലാ പഴവർഗങ്ങളും ചെറിയ കഷണങ്ങളാക്കി തണ്ണിമത്തൻ തോടിൽ നിക്ഷേപിക്കുക. തുടര്‍ന്ന് രണ്ട് ടേബിള്‍സ്പൂണ്‍ ജലാറ്റിന്‍ ഒരു ഗ്ലാസില്‍ ചെറിയ ചൂടുവെള്ളത്തില്‍ കലക്കി അരിച്ചെടുത്തതിനുശേഷം പഞ്ചസാര ചേർത്ത് പഴവര്‍ഗങ്ങള്‍ നിറച്ച തണ്ണിമത്തനിലേക്ക് ഒഴിക്കുക.
തണ്ണിമത്തന്റെ എല്ലാ ഭാഗങ്ങളിലും ഈ മിശ്രിതം എത്തിയെന്നു ഉറപ്പുവരുത്തുക. അതിനുശേഷം തണ്ണിമത്തന്റെ മുറിച്ചഭാഗം കൊണ്ട് അടച്ചശേഷം അരമണിക്കൂര്‍ ഫ്രീസറില്‍ വച്ചതിനുശേഷം എടുത്ത് മൂന്നു മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ഉപയോഗിച്ചാൽ വേനലിൽ ആസ്വദിക്കാൻ കഴിയുന്ന ഫ്രൂട്ട്സലാഡ് തണ്ണിമത്തനിൽ തന്നെ ലഭ്യമാകും.
Tags : nattu vishesham opening a world of sweetness watermelon