അവലോകന യോഗം
മലപ്പുറം: ജില്ലയിലെ മൊബലൈസേഷന് ഓഫ് എയ്ഡ്സ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു.
ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ എച്ച്ഐവി പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഹോട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തുക, സ്വകാര്യ ആശുപത്രികളില്‍ നടത്തുന്ന എച്ച്ഐവി പരിശോധനകള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
ആരോഗ്യ വകുപ്പ് അഡിഷണല്‍ ഡയറക്ടറും കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രോജക്ട് ഡയറക്ടറുമായ ഡോ. എം. പീയൂഷ് നമ്പൂതിരിപ്പാട് നേതൃത്വം നല്കി. ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ എസ്. സുനില്‍ കുമാര്‍, യോഗത്തില്‍ ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫിസര്‍ ഡോ. എല്‍. ഷീന ലാല്‍, ആര്‍സിഎച്ച് ഓഫിസര്‍ ഇന്‍-ചാര്‍ജ് ഡോ. കെ.എം. ന്യൂന മര്‍ജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി. ഷുബിന്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സൊസൈറ്റിയുടെ കീഴിലുള്ള വിവിധ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരും പങ്കെടുത്തു.
നിര്‍വഹണാനുമതി നല്കി
മലപ്പുറം: നിറമരുതൂര്‍ പഞ്ചായത്തിലെ മഞ്ഞളംപടി കനോലി കനാല്‍ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്കി. നിറമരുതൂര്‍ പള്ളിപ്പടി കാളാട് ലക്ഷം വീട് കോളനി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിനും അനുമതിയായി.
കാളാട് ആലിന്‍ചുവട് റോഡ് ലിങ്ക് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കും.
മാനസികാരോഗ്യ സംരക്ഷണത്തിന്
"സന്തോഷത്തോടെ പഠിക്കാം' കാന്പയിന്
മലപ്പുറം: വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സന്തോഷകരമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി സന്തോഷത്തോടെ പഠിക്കാം എന്ന പേരില്‍ ബോധവത്കരണ കാന്പയിന്. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി 17 വരെ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ പരിപാടികള്‍ നടതും.
പഠനസമ്മര്‍ദം, പരീക്ഷാഭയം, ഒറ്റപ്പെടല്‍ എന്നിവ നേരിടുന്ന വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗണ്‍സലിംഗും മാനസികാരോഗ്യ പിന്തുണയും നല്‍കും. ഇതിനോടൊപ്പം ലഹരിക്കെതിരേയുള്ള ബോധവത്കരണവും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കൗണ്‍സലിംഗ് പിന്തുണയും ഉറപ്പാക്കും. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തവും ഉറപ്പാക്കും.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ മാനസികാരോഗ്യ പരിപാടി, ജില്ലാ ആരോഗ്യ സംവിധാനങ്ങള്‍ എന്നിവയുടെ ഏകോപനത്തോടെ സൈക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സലര്‍മാര്‍ എന്നിവരുടെ സേവനം ക്യാംപയിനില്‍ പ്രയോജനപ്പെടുത്തും.