ജില്ലാതല ഉദ്ഘാടനം എടനാട് വിജ്ഞാനപീഠത്തിൽ
ജില്ലയിൽ ഒന്നര ലക്ഷത്തോളം മത്സരാർഥികൾ
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ‘ദീപിക - ഡിസിഎൽ കളർ ഇന്ത്യ സീസൺ 5’ മത്സരം ഇന്ന്. എറണാകുളം ജില്ലയിലെ 840 സ്കൂളുകളിലായി ഒന്നര ലക്ഷത്തോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും.
ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിലാണ് ജില്ലാതല ഉദ്ഘാടനം. രാവിലെ 10ന് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
വിജ്ഞാനപീഠം സ്കൂൾസ് മാനേജർ ഫാ. ഡോ. ബിജു ആന്റണി തേയ്ക്കാനത്ത് അധ്യക്ഷത വഹിക്കും.
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഡേവിസ് വിദ്യാർഥികൾക്കു ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ദീപിക കൊച്ചി റസിഡന്റ് മാനേജർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ആമുഖപ്രസംഗം നടത്തും.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്.
സിനിമാതാരം മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകൾ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കും. കെജി, എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് സ്കൂൾ, ജില്ലാതലങ്ങളില്‍ ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.