മഞ്ഞക്കടമ്പില്‍ പ്രവര്‍ത്തനം തുടങ്ങിയ പാറമട.
കോന്നി: മഞ്ഞക്കടമ്പ് വാഴത്തോപ്പില്‍ ജനവാസമേഖലയോടു ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച പാറമട അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം. പാറമടയ്ക്കെതിരേ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധ പരിപാടികളും തുടങ്ങി. പാറമടയിലേക്ക് വന്ന ടിപ്പറുകള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു.
മൈനിംഗ് ആന്‍ഡ് ജിയോളജി ചട്ടങ്ങളും പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുകളും പാലിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പാറമടയ്ക്ക് നല്‍കിയിട്ടുള്ള വിവിധ അനുമതികളും ലൈസന്‍സുകളും നിയമാനുസൃതമാണോയെന്നും പരിശോധിക്കണം.
ജനവാസ മേഖലയിലെ പാറമട പ്രവര്‍ത്തനം സംബന്ധിച്ച് ദുരന്തനിവാരണ അഥോറിറ്റി, ജിയോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ വിഭാഗം എന്നിവ സംയുക്തമായി സ്ഥലപരിശോധന നടത്തണമെന്നാണ് ആവശ്യം. സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സുരക്ഷാ ദൂരപരിധിയും മറ്റ് നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
പാറയുമായി ടിപ്പര്‍ ലോറികള്‍ നിരന്തരം റോഡിലൂടെ സഞ്ചരിക്കുന്നത് കോന്നി മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള വാഹന ഗതാഗതത്തെ ബാധിക്കാനുള്ള സാധ്യതയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രീയ വിദ്യാലയം, സിഎഫ്ആര്‍ഡി കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സഞ്ചരിക്കുന്ന സ്കൂള്‍ വാഹനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇത് സുരക്ഷാ ഭീഷണിയാകുമെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതര്‍ അടിയന്തരമായി ഇടപെടണം. ഇവിടെ സമീപത്തായി രണ്ട് സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശത്തേ കൃഷിയിടങ്ങളാണ് പാറമടയായി മാറിയത് ഇവിടെ നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമെല്ലാം വിപരിതമായി വലിയ ഖനനമാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ നടന്നത്. ഇത്ര സങ്കീര്‍ണമായ മേഖലയില്‍ എങ്ങനെ ഇത്തരത്തില്‍ പാറമട അനുവദിച്ചു നല്കി എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
കോന്നിയില്‍ കഴിഞ്ഞ കുറെ കാലങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്ന ക്രഷര്‍ ഉടമയുടെ സ്ഥലത്താണ് പുതിയ പാറമട ഈ സ്ഥലം അടുത്തയിടെ മറ്റൊരു വ്യക്തിക്ക് കൈമാറിയിരുന്നതായാണ് വിവരം. ഇവരാണ് എല്ലാ അനമതികളും നേടി കൃഷിയിടത്തില്‍ പാറ ഖനനം തുടങ്ങിയത്. പയ്യനാമണ്‍ ഉള്‍പ്പടെ കോന്നിയുടെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പാറഖനനത്തിനായി ഒന്നിലധികം കമ്പനികള്‍ സ്ഥലങ്ങള്‍ വാങ്ങി ക്കുട്ടിയിട്ടുണ്ട്. ഇത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുനത്