കൊല്ലം: ജില്ലയില്‍ ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും പടരുന്നു. രണ്ടാഴ്ചയ്ക്കിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തിയ 234 ഡെങ്കിപ്പനി രോഗികളുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 130 പേരുടേത് പോസിറ്റീവാണ്. 29 ന് 17 സാമ്പിള്‍ പരിശോധിച്ചതില്‍ 10 എണ്ണം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചിതറ, അയത്തില്‍, കൊറ്റങ്കര, മുണ്ടയ്ക്കല്‍, നീണ്ടകര, തൃക്കടവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഓരോ ആളിനു വീതം രോഗം സ്ഥിരീകരിച്ചു. ശക്തിക്കുളങ്ങരയില്‍ അഞ്ചുപേര്‍ക്ക് രോഗബാധയുണ്ട്. ആദിച്ചനല്ലൂര്‍ സ്വദേശിക്ക് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ഇതിലും കൂടുതലാണ്. ഇവ സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ കണക്കുകളില്ല.
ഡെങ്കിപ്പനി: ജനങ്ങള്‍ പ്രതിരോധം ഒരുക്കണം
ഡെങ്കിപ്പനി തടയാനായി ജനങ്ങള്‍ സ്വന്തം വീട്ടുമുറ്റത്തും പറമ്പുകളിലും പ്രതിരോധമൊരുക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.
നേരത്തെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ വീണ്ടും രോഗബാധയ്ക്ക് സാധ്യത കൂടുതലാണ്. വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങളിലാണ് കൊതുക് മുട്ടയിടുന്നത്.
അവ കണ്ടെത്തി ഒഴിവാക്കണം. കൊതുക് പ്രജനനകേന്ദ്രങ്ങള്‍ നശിപ്പിക്കണം. അല്ലെങ്കില്‍ വളരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കണം. വീട്ടുമുറ്റത്തെ പാത്രങ്ങള്‍, ഐസ്ക്രീം, ഭക്ഷണ പാക്കറ്റുകള്‍, ചിരട്ട, ടയര്‍, വീപ്പ എന്നിവയിലും റബര്‍ തോട്ടം, റബര്‍ തോട്ടത്തിലെ ചിരട്ട എന്നിവയിലും കൊതുക് മുട്ടയിട്ട് പെരുകും. അതിനാല്‍ വീടുകളിലും വീട്ടുമുറ്റങ്ങളിലും ശുചീകരണവും ഉറവിടനശീകരണവും തുടങ്ങണം.