തകർന്നുകിടക്കുന്ന മുതുകുളം തെക്ക് മങ്ങാട്ടുമുക്ക്-ആലുംചുവട് റോഡ്.
മുതുകുളം: മങ്ങാട്ടുമുക്ക്-ആലുംചുവട് റോഡിലൂടെ നാട്ടുകാർക്ക് ദുരിതയാത്ര. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് യാത്രക്കാരെയും നാട്ടുകാരെയുമെല്ലാം ദുരിതത്തിലാക്കുകയാണ്.
നൂറുകണക്കിനു പ്രദേശവാസികളും മറ്റു യാത്രക്കാരും പ്രധാനപാതയായ കായംകുളം-കാർത്തികപ്പള്ളി റോഡിലേക്കെത്തുന്ന റോഡാണിത്.
തകർന്നുകിടക്കുന്ന റോഡിലൂടെ ഇപ്പോൾ കാൽനടപോലും പറ്റാത്ത സ്ഥിതിയാണുള്ളത്. ക്ഷേത്രം മുതൽ കിഴക്കോട്ട് 300-മീറ്ററോളം ദൂരം റോഡ് തകർന്ന് നാമാവശേഷമായി. റോഡ് താഴ്ന്നുകിടക്കുന്നതിനാൽ റോഡിന്റെ കരുണാമുറ്റം മുതൽ ആലുംചുവടു വരെ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങും.
കിഴക്കുനിന്നുള്ള വെള്ളവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. തകർന്ന റോഡിൽ മാസങ്ങളോളം വെള്ളം കെട്ടിനിൽക്കുന്നതിനാൽ ജനങ്ങൾ തീരാദുരിതമാണ് അനുഭവിച്ചുവരുന്നത്.
മുമ്പുണ്ടായിരുന്ന ജലനിർഗമന മാർഗങ്ങളെല്ലാം അടഞ്ഞുപോയതാണ് ദുരവസ്ഥയ്ക്കു കാരണം. ചുറ്റിക്കറങ്ങി പോകേണ്ടിവരുന്നുണ്ടെങ്കിലും നാട്ടുകാർക്ക് മറ്റു റോഡുകളെ ഇപ്പോൾ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags :