പരുമല തീർഥാടനവാരാഘോഷ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് മമ്മൂട്ടി.
മാന്നാർ: സഹജീവികളോട് കാരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവസ്നേഹവും ഭക്തിയുമെന്ന് മമ്മൂട്ടി. പരിശുദ്ധ പരുമല തിരുമേനിയുടെ 124 -ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന വാരാഘോഷ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മമ്മൂട്ടി.
സിനിമാതാരം എന്നതിനപ്പുറത്തേക്ക് ഒരു മുൻഗണന എപ്പോഴും തനിക്ക് നൽകുന്നതിൽ മലങ്കരസഭയോടും ബാവാ തിരുമേനിയോടും നന്ദിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലങ്കരസഭയുടെ സ്നേഹിതനാണ് പത്മഭൂഷൺ മമ്മൂട്ടിയെന്ന് തീർഥാടനവാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്ത മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. അഭിനയ മികവിന് അപ്പുറമുള്ള ആത്മീയ നിറവ് അദ്ദേഹത്തിനുണ്ട്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
പരുമല ആശുപത്രിയും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന സൗജന്യ കാൻസർ ചികിത്സാ പദ്ധതിയായ സുകൃതം 2.0 വേദിയിൽ പ്രഖ്യാപിച്ചു. ആശുപത്രി സിഇഒ ഫാ.എം.സി പൗലോസ് പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. കാതോലിക്കാ ബാവാ രചിച്ച മലങ്കര സഭാ ചരിത്ര സ്പന്ദനം എന്ന ഗ്രന്ഥം ചടങ്ങിൽ മമ്മൂട്ടി പ്രകാശനം ചെയ്തു. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ സജി ചെറിയാൻ, വർഗീസ് മാമ്മൻ, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. യാക്കോബ് തോമസ് റമ്പാൻ, പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ ഫാ. അലക്സാണ്ടർ ഏബ്രഹാം, രാജൻ മാത്യു കോർ എപ്പിസ്കോപ്പാ, ഫാ. മാത്യു ഏബ്രഹാം തലവൂർ, മത്തായി ടി. വർഗീസ്, മാത്യു ഉമ്മൻ അരികുപുറം, ജോസ് പുത്തൻപുരയിൽ, മനോജ് പി. ജോർജ് പന്നായികടവിൽ, കെയർ ആൻഡ് ഷെയർ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, എക്സക്യുട്ടീവ് ട്രസ്റ്റി റോയ് എം. മാത്യു മുത്തൂറ്റ്, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
വിശ്വാസസാഗരം തീർത്ത് പമ്പാതീരം
മാന്നാർ: നോമ്പും പ്രാർഥനാമന്ത്രങ്ങളുമായി സഹനത്തിന്റെ പാതകൾതാണ്ടി ഒഴുകിയെത്തിയ തീർഥാടകസംഘങ്ങൾ പുണ്യഭൂമിയിൽ സംഗമിച്ചപ്പോൾ പമ്പാതീരം ഭക്തിസാഗരമായി. പരിശുദ്ധ പരുമലതിരുമേനിയുടെ 124-ാം ഓർമപ്പെരുന്നാളിന്റെ പ്രധാനദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് തീർഥാടകരെത്തിയത്. സന്ധ്യാനമസ്കാരത്തെത്തുടർന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ വിശ്വാസികൾക്ക് പള്ളിമേടയിൽ ശ്ലൈഹിക വാഴ്വ് നൽകി.
തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം അനുസ്മരണ പ്രസംഗം നടത്തി. തുടർന്ന് പ്രദക്ഷിണം നടന്നു. കബറിടത്തിലെ ധൂപപ്രാർഥന, ആശീർവാദം എന്നിവയ്ക്കുശേഷം എംജിഎം കൈപ്പട്ടൂരിന്റെ നേതൃത്വത്തിൽ ഭക്തിഗാനാർച്ചനയും നടന്നു. പെരുന്നാളിന്റെ സമാപന ദിവസമായ ഇന്നു പുലർച്ചെ മൂന്നിന് പള്ളിയിൽ വിശുദ്ധ കുർബാന യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ കാർമികത്വത്തിൽ നടക്കും.
രാവിലെ 6.15ന് ചാപ്പലിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഡോ. യാക്കോബ് മാർ ഐറേനിയോസ് കാർമികനായിരിക്കും. രാവിലെ 7.30ന് പ്രഭാതനമസ്കാരത്തെത്തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാന.
പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ് എന്നിവർ സഹകാർമികരാകും. 10.30ന് ശ്ലൈഹിക വാഴ്വ്. 12ന് എംജിഒസിഎസ്എം സമ്മേളനം. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രദക്ഷിണത്തോടും ആശീർവാദത്തോടും പരുമല പെരുന്നാളിന് കൊടിയിറങ്ങും.
ഇന്ന് ജില്ലയിൽ പ്രാദേശിക അവധി
ആലപ്പുഴ: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാൾ എന്നിവ അനുബന്ധിച്ച് ഇന്ന് ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും.
Tags :