തിരുവനന്തപുരം: സിനിമ എന്ന സ്വപ്നം, അത് യാഥാർഥ്യമാകുമ്പോൾ നേരിടേണ്ടി വന്ന അനുഭവങ്ങൾ, ചലച്ചിത്ര വഴികളിലൂടെയുള്ള തങ്ങളുടെ യാത്ര തുട ങ്ങിയവ സംവിധായകർ പങ്കുവെച്ചപ്പോൾ വേദിക്ക് അത് നവ്യാനുഭവമായി.
30-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ചു ടാഗോർ തീയേറ്റർ കാമ്പസിൽ നടന്ന "മീറ്റ് ദി ഡയറക്ടർ' സെഷനിലാണ് സംവിധായകർ അവരുടെ സിനിമയുടെ അണിയറ പ്രവർത്തനത്തെ പറ്റിയും, സാമ്പത്തിക വശങ്ങളെ പറ്റിയും മനസ് തുറന്നത്.
ഏഷ്യയിൽ അവശേഷിക്കുന്ന ചോലനായ്ക്കർ എന്ന ഗുഹാവാസികളെക്കൊണ്ട് ഉണ്ണികൃഷ്ണൻ ആവള ചിത്രീകരിച്ച "തന്തപ്പേര്' കേരളത്തിലെ ആദിവാസി ഗോത്രത്തെ എങ്ങനെയാണ് അടിയന്തരാവസ്ഥ ബാധിച്ചതെന്ന് അഭ്രപാളിയിലൂടെ അനുവാചകരുടെ മുമ്പിലെത്തിക്കുന്നു. കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിട്ടും സ്വന്തം സമൂഹത്തിൽ നിന്നും സ്ത്രീകളെ ലഭിക്കാതെ പോകുന്ന ഒരു ജനതയുടെ കഥയാണ് സിനിമ.
തന്റെ മുമ്പിൽ പോലും നില്ക്കാൻ താല്പര്യമില്ലാത്തവരെ കാമറയുടെ മുമ്പിൽകൊണ്ട് വന്നു, അവരെ കഥാപാത്രങ്ങളാക്കി, അവരിലൂടെ ഒരു സിനിമ നിർമിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി വന്നത് ആറ് വർഷമാണെന്നും ഉണ്ണികൃഷ്ണൻ ആവള പറഞ്ഞു. ഒരുപാട് സമയം എടുത്തു ചിത്രം നിർമിച്ചുവെങ്കിലും, സിനിമ എടുക്കണം എന്ന ലക്ഷ്യം മാത്രമേ തനിക്കു ഉണ്ടായിരുന്നുള്ളു എന്ന് "മിറാഷ്' സംവിധാനം ചെയ്ത ഇഷാൻ ഘോഷ് പറഞ്ഞു. കൂട്ടുകാരോടു കൂടി, ചെറിയ സോണി കാമറയുമായി ചിത്രം നിർമിക്കാൻ ഇറങ്ങിയപ്പോൾ ലഭിച്ച വിമർശനത്തെ പറ്റിയും, സ്ക്രിപ്റ്റ് ഇല്ലാതെ സിനിമ എടുക്കാൻ ഇറങ്ങിത്തിരിച്ച തന്റെ നാൾവഴികളെ കുറിച്ചും അദ്ദേഹം വിവരിച്ചു.
നാടക സംവിധായികയും എഴുത്തുകാരിയുമായ ഐ.ജി. മിനി തന്റെ ചിത്രമായ "ആദി സ്നേഹത്തിന്റെ വിരുന്നുമേശയിൽ' ഇന്നത്തെ കാലത്തെ സാമൂഹിക ബന്ധങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. നിർമാതാവ് ഇല്ലാത്തതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം നിർമിക്കുകയായിരുന്നുവെന്നും സിനിമയുടെ അണിയറ പ്രവർത്തകരിൽ പലരും പ്രതിഫലം വാങ്ങിയില്ലെന്നും സംവിധായിക പറഞ്ഞു.
ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ബാലു കിരിയത്ത് മോഡറേറ്ററായ സെഷനിൽ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയ ഷാഡോ ബോക്സിന്റെ സംവിധായകൻ സൗമ്യാനന്ദ സാഹിയും, ലാപ്തീൻ സംവിധാനം ചെയ്ത രവിശങ്കർ കൗശിക്കും പങ്കെടുത്തു.
ഇന്ന് 72 ചിത്രങ്ങൾ;രാത്രി ചിത്രമായി ഇന്തോനേഷ്യൻ ത്രില്ലർ
തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിനമായ ഇന്ന് 72 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ലോക ക്ലാസിക്കുകളും പുതിയ സിനിമകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് ഇന്നത്തെ പ്രധാന ആകർഷണം.
ഇന്തോനേഷ്യൻ റിവഞ്ച് ത്രില്ലറായ "ദി ബുക്ക് ഓഫ് സിജിൻ ആൻഡ് ഇല്ലിയിൻ' പാതിരാപ്പടമായി നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമയിലെ ഇതിഹാസ പ്രതിഭയായ ഋത്വിക് ഘട്ടക്കിന്റെ ചിത്രം "തിതാഷ് ഏക് തി നദീർ നാം' അജന്ത തിയേറ്ററിൽ രാത്രി 8.30-ന് പ്രദർശിപ്പിക്കും. അദ്വൈത മല്ലബർമന്റെ നോവൽ ആധാരമാക്കി നിർമിച്ച ഈ ചിത്രം, വിഭജനത്തിനു മുമ്പുള്ള കിഴക്കൻ ബംഗാളിലെ തിതാഷ് നദിയോരത്തെ മത്സ്യത്തൊ ഴിലാളികളുടെ നഷ്ടപ്പെട്ട സാമൂഹിക സൗഹൃദത്തിന്റെ കഥയാണ് അവതരിപ്പിക്കുന്നത്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ വിയറ്റ്നാമീസ് കമിങ് ഓഫ് ഏജ് ഡ്രാമയായ "വൺസ് അപ്പോൺ എ ലവ് സ്റ്റോറി' ന്യൂ-3 തിയേറ്ററിൽ രാത്രി എട്ടി നു പ്രദർശിപ്പിക്കും. സമകാലിക ലോക സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ വിഖ്യാത സംവിധായകൻ ഗരിൻ നുഗ്രോഹോയുടെ "ലെറ്റർ ടു ആൻ എയ്ഞ്ചൽ' ഏരിസ്പ്ലെക്സ്-4-ൽ രാവിലെ 9.45-ന് പ്രദർശിപ്പിക്കും.
ലൈഫ് ടൈം അച്ചീവ്മെന്റ് ജേതാവ് അബ്ദ്റഹ്മാനെ സിസാക്കൊയുടെ "ബമാകോ', "ലൈഫ് ഓൺ എർത്ത്' എന്നീ ചിത്രങ്ങളും ഇന്നു പ്രദർശനത്തിനെത്തും.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ "ഖിഡ്കി ഗാവ്', "ദി സെറ്റിൽമെന്റ്', 'കിസ്സിംഗ് ബഗ്', "തന്തപ്പേര്' തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകും.
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ഷെറി ഗോവിന്ദന്റെ "സമസ്താ ലോക', ശ്രീജിത്ത് എസ്. കുമാറിന്റെ "ശേഷിപ്പ്', നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത "പെണ്ണും പൊറാട്ടും' തുടങ്ങിപ്രമേയത്തിന്റെ പുതുമകൊണ്ടും ആഖ്യാന മികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളും പ്രദർശനത്തിനെത്തും.
ലോക സിനിമ വിഭാഗത്തിൽ പ്രശസ്ത സംവിധായകൻ റാഡു ജൂഡ് സംവിധാനം ചെയ്ത "കോണ്ടിനെന്റൽ 25' ഉൾപ്പെടെ 24 ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.
കെഎസ്ഡബ്ല്യുഎംപി ഐഎഫ്എഫ്കെയിലെ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: നിങ്ങളുടെ നാട്ടിൽ ഖരമാലിന്യ പരിപാലനം വലിയൊരു പ്രശ്നമാണോ? അതിന് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരം കാണണോ? എങ്കിൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ കേരള സർക്കാരിന്റെ ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) യുടെ സ്റ്റാളിലേക്ക് പോന്നോളൂ. മാലിന്യ സംസ്കരണ മാർഗങ്ങളെ കുറിച്ച് അറിവ് പകരുന്ന എസ്ഡബ്ല്യുഎംപി) സ്റ്റാൾ കേരള ചലച്ചിത്ര മേളയുടെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ പ്രവർത്തനം തുടങ്ങി. പദ്ധതിയുടെ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു.
മാലിന്യത്തെ എങ്ങനെ ഭാവിയുടെ ഇന്ധനമായി മാറ്റാമെന്ന് അവതരണത്തോടെ വ്യക്തമാക്കുന്ന ബയോ സിഎൻജി പ്ലാന്റിന്റെ മാതൃകയാണ് സ്റ്റാളിലെ ഏറ്റവും വലിയ പ്രത്യേകത. ഈ സാങ്കേതികവിദ്യ കാഴ്ചക്കാർക്ക് നേരിട്ട് മനസിലാക്കുന്നതിനൊപ്പം തത്സമയ സംശയദൂരീകരണത്തിന് കെഎസ്ഡബ്ല്യുഎംപി ജീവനക്കാരുടെ സേവനവും ലഭിക്കും.
സംസ്ഥാനത്ത് ഒരിക്കൽ മാലിന്യക്കൂമ്പാരങ്ങളായി കിടന്ന സ്ഥലങ്ങൾ മനോഹരമായ ഹരിത ഉദ്യാനങ്ങളായി മാറിയ അത്ഭുതം വിആർ ഹെഡ് സെറ്റിലൂടെ (വെർച്വൽ റിയാലിറ്റി) നേരിട്ട് അനുഭവിച്ചറിയാനുള്ള വി ആർ "റിയാലിറ്റി ചെക്ക്' ആണ് സ്റ്റാളിന്റെ മറ്റൊരു ആകർഷണം.