ബക്കര്‍
കരുനാഗപ്പള്ളി: പൊലിസില്‍ ഡ്രൈവറായി ജോലി നോക്കുമ്പോള്‍ പുനലൂരില്‍ 26 കിലോ കഞ്ചാവ് വാഹനത്തില്‍ കടത്തിയ കേസില്‍ പ്രതിയായി ജോലിയില്‍ നിന്ന് പുറത്താക്കിയ ആള് വീണ്ടും മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയില്‍.
കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കര്‍ ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 2.186 ഗ്രാം എംഡിഎംഎയും 21 ഗ്രാം കഞ്ചാവും കൊല്ലം എക്സൈസ് സ്ക്വാഡ് പിടികൂടി്.
കൊല്ലം എക്സൈസ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ സാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജോലിയില്‍ നിന്ന് പുറത്തായ ശേഷവും ഇയാള്‍ പല സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വരികയായിരുന്നു.
അടുത്ത കാലത്തായി സ്വന്തം നാട്ടില്‍ തന്നെ കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനകള്‍ക്ക് കരുനാഗപ്പള്ളി സി.ഐ ഷാജി നേതൃത്വം നല്കി.
സ്ക്വാഡ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ജ്യോതി, സജീവ്, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ബി.ഗംഗ, സുനില്‍ ജോസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സാലിം, എസ്.അനന്തു, ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിക്കെതിരേ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.