സമഗ്ര- 2026 രണ്ടാംഘട്ട വായ്പാവിതരണ പദ്ധതി സംഘാടകസമിതി രൂപീകരണയോഗം മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങളെ ചൂഷണം ചെയ്യുന്ന വട്ടിപ്പലിശക്കാരിൽനിന്നു ജില്ലയെ മോചിപ്പിക്കുമെന്നു പട്ടികജാതി- പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ.എ. തുളസി.
സാധാരണക്കാരായ വീട്ടമ്മമാരും പാവപ്പെട്ടവരുമാണ് അയൽസംസ്ഥാനക്കാരായ വട്ടിപ്പലിശക്കാരുടേയും ഓൺലൈൻ ആപ്പുകളുടേയുമെല്ലാം ചൂഷണത്തിന് കൂടുതലായും വിധേയമാവുന്നത്. ഇവരിൽ നിന്നും ഘട്ടംഘട്ടമായുള്ള മോചനമാണ് പലിശരഹിതമായും കുറഞ്ഞ പലിശ നിരക്കിലുമുള്ള സമഗ്ര- 2026 വായ്പയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
"സമഗ്ര 2026' പദ്ധതി രണ്ടാംഘട്ട വായ്പാ വിതരണോദ്ഘാടനത്തിനായുള്ള സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വായ്പാ പദ്ധതി പുരുഷന്മാർക്കും ഉപയോഗപ്രദമാകുന്ന നിലയിൽ വേഗത്തിൽ പരിഷ്കരിക്കണമെന്നു ചടങ്ങിൽ പങ്കെടുത്ത പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. തുടർന്ന് സമഗ്ര- 2026 കൈപ്പുസ്തകം പിന്നാക്കവിഭാഗ വികസന കോർപറേഷൻ എംഡി കെ. അഞ്ജുവിനു നൽകി മന്ത്രി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎമാരായ എ. പ്രഭാകരൻ, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അബ്ദുൽ ലത്തീഫ്, പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫിസർ കെ. ദേവകി, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews