കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞപ്പോള്‍ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും എണ്ണത്തില്‍ മുന്നില്‍ വനിതകള്‍. 71 ഗ്രാമപഞ്ചായത്തുകളില്‍ 60 ഇടത്തും വനിതാ സ്ഥാനാര്‍ഥികളാണ് കൂടുതല്‍. ഏറ്റവുമധികം കാഞ്ഞിരപ്പള്ളിയിലാണ്; 87 സ്ഥാനാര്‍ഥികളില്‍ 48 വനിതകള്‍.
ഏഴിടത്തു മാത്രമാണ് പുരുഷ സ്ഥാനാര്‍ഥികള്‍ കൂടുതല്‍; മുളക്കുളം, നീണ്ടൂര്‍, ബ്രഹ്മമംഗലം, കൊഴുവനാല്‍, തീക്കോയി, മീനടം, വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകള്‍. ചെമ്പ്, ഉദയനാപുരം, മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തുകളില്‍ സ്ത്രീ, പുരുഷ സ്ഥാനാര്‍ഥികള്‍ എണ്ണത്തില്‍ ഒപ്പത്തിനൊപ്പമാണ്. ഗ്രാമപഞ്ചായത്തുകളിലെ ആകെ സ്ഥാനാര്‍ഥികളുടെ എണ്ണം 4032 ആണ്. സ്ത്രീകള്‍: 2182, പുരുഷന്മാര്; 1850.
കോട്ടയം നഗരസഭയില്‍; 89 പേര്
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ മല്‍സരരംഗത്തുള്ള തദ്ദേശസ്ഥാപനം കോട്ടയം നഗരസഭയാണ്; 178 പേരില്‍ 89 വനിതകള്‍.
ചങ്ങനാശേരി (135 സ്ഥാനാര്‍ഥികളില്‍ 79), ഏറ്റുമാനൂര്‍ (124 സ്ഥാനാര്‍ഥികളില്‍ 65), വൈക്കം (91 സ്ഥാനാര്‍ഥികളില്‍ 51 ) നഗരസഭകളിലും സ്ത്രീകളാണ് മുന്നില്‍. പാലാ, ഈരാറ്റുപേട്ട നഗരസഭകളില്‍ മാത്രമാണ് പുരുഷസ്ഥാനാര്‍ഥികള്‍ കൂടുതലുള്ളത്.
യഥാക്രമം 69ല്‍ 35, 80ല്‍ 41 വീതം. നഗരസഭകളിലെ 677 സ്ഥാനാര്‍ഥികളില്‍ 357 പേരും വനിതകളാണ് .
ജില്ലാ പഞ്ചായത്തില്‍ 47 വനിതകള്‍
83 പേര് മല്‍സരിക്കുന്ന ജില്ലാ പഞ്ചായത്തില്‍ 47 പേരും വനിതകളാണ്. പുരുഷന്മാര് 36 പേര്. എന്നാല്‍ ബ്ളോക്ക് പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളുടെ ആകെ എണ്ണത്തില്‍ പുരുഷന്മാരാണ് മുന്നില്‍. 489 പേരില്‍ 237 പേരാണ് വനിതാ സ്ഥാനാര്‍ഥികള്‍ - പുരുഷന്മാരേക്കാള് 15 കുറവ്.
11 ബ്ളോക്കുകളില്‍ കടുത്തുരുത്തി, ഏറ്റുമാനൂര്‍, പാമ്പാടി ബ്ളോക്കുകളിലാണ് വനിതകള്‍ കൂടുതല്‍, പള്ളം ബ്ളോക്കില്‍ ഒപ്പത്തിനൊപ്പമാണ്. ബാക്കി ഏഴു ബ്ളോക്കുകളിലും പുരുഷന്മാരാണ് എണ്ണത്തില്‍ കൂടുതല്‍.
ജില്ലയിലെ ആകെ സ്ഥാനാര്‍ഥികളുടെ എണ്ണം 5281 ആണ്. ഇതില്‍ 2823 പേര് സ്ത്രീകളാണ്.പുരുഷന്മാരുടെ എണ്ണം 2458, സ്ത്രീകളേക്കാള്‍ 365 പേര് കുറവ്.
ജനവിധിയുടെ ഒരുക്കം വാഴൂര്‍ സര്‍ക്കാര്‍ പ്രസല്‍
കോട്ടയം: ജില്ലയിലെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് രേഖകളുടെ അച്ചടി വാഴൂര്‍ ഗവ. പ്രസില്‍ പുരോഗമിക്കുന്നു. സ്ഥാനാര്‍ഥികളുടെ പേരും ക്രമനമ്പരും ചിഹ്നവും പതിച്ചുള്ള ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും തപാല്‍ ബാലറ്റുകളും അച്ചടിക്കണം. അച്ചടിക്കു മുന്‍പ് പ്രൂഫ് അതാത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്ത് തെറ്റുകുറ്റങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.
വോട്ടിംഗ് യന്ത്രത്തില്‍ പതിക്കാനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് പ്രത്യേകം കടലാസില്‍ അച്ചടിക്കണം. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകള്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അച്ചടിക്കുക. ഇതിനുശേഷമായിരിക്കും സ്വതന്ത്രരുടെ ഇടം. പാര്‍ട്ടികള്‍ പിന്തുണ നല്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയുടെ പേരും സ്വതന്ത്രരുടെ നിരയിലായിരിക്കും. ഡിസംബര്‍ ഒന്നിന് അച്ചടി പൂര്‍ത്തിയാക്കി രേഖകള്‍ ആര്ഒമാര്ക്ക് കൈമാറും.
ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്ത് വരെയുള്ള രേഖകളുടെ പ്രിന്റിംഗ് ക്ലേശകരമായ ജോലിയാണ്. പഞ്ചായത്ത് വാര്‍ഡുകളില്‍ അന്‍പതില്‍ താഴെ കോപ്പികള്‍ മതിയാകും. എന്നാല്‍ ജില്ലയില്‍ ഇത് രണ്ടായിരത്തിനു മുകളിലായിരിക്കും.