x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയനാടന്‍ പ്രകൃതിയുടെ കാവലാളിന് ഡോ. കമറുദ്ദീന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം

വയനാട് ബ്യൂറോ
Published: November 12, 2026 12:31 PM IST | Updated: November 12, 2026 12:31 PM IST

എന്‍. ബാദുഷ

കല്‍പ്പറ്റ: പരിസ്ഥിതി പ്രവര്‍ത്തകനും കേരള സര്‍വകലാശാല സസ്യശാസ്ത്ര വിഭാഗം മുന്‍ റീഡറുമായിരുന്ന ഡോ. കമറുദ്ദീന്‍റെ ഓര്‍മയ്ക്ക് ഡോ.കമറുദ്ദീന്‍ ഫൗണ്ടേഷന്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ ഏര്‍പ്പെടുത്തിയ ഏഴാമത് പുരസ്‌കാരം വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ വെള്ളിയാഴ്ച സ്വീകരിക്കും.

കാല്‍ ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം രാവിലെ 10ന് തിരുവനന്തപുരം കാര്യവട്ടം സി.വി. രാമന്‍ ഹാളില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ സമര്‍പ്പിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രഫ.അച്യുത് ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തും.

സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഔദ്യോഗിക സൗകര്യങ്ങളുടെയും സഹായമില്ലാതെ ജൈവ വൈവിധ്യ സംരക്ഷണത്തിനും പരിപോഷണത്തിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ബാദുഷയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഡോ.എഫ്. ജോര്‍ജ് ഡിക്രൂസ്, ഡോ.സുഹറാബീവി, ഡോ.മധുസൂദനന്‍ പിള്ള, ഒ.വി. ഉഷ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്.

1976ല്‍ പ്രവര്‍ത്തനം ആരംഭിച്ച വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെ മുന്‍നിരപ്രവര്‍ത്തകരില്‍ ഒരാളാണ് ബത്തേരി നായ്‌ക്കെട്ടി സ്വദേശിയായ ബാദുഷ. ചന്ദനം കൊളളയ്ക്കും കാട്ടാനവേട്ടയ്ക്കുമെതിരേ നൂല്‍പ്പുഴയില്‍ നടത്തിയ പ്രക്ഷോഭത്തിലൂടെയാണ് സമിതി ജനശ്രദ്ധയിലെത്തിയത്.

റിസര്‍വ് വനങ്ങളിലെ തെരഞ്ഞുവെട്ട്, അടച്ചുവെട്ട് എന്നിവയ്‌ക്കെതിരേയും വിശ്വചരിത്രത്തില്‍ത്തന്നെ സവിശേഷ പ്രാധാന്യമുള്ള എടക്കല്‍ റോക്ക് ഷെല്‍ട്ടര്‍ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലനിരകളുടെ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണ സമിതി നടത്തിയ പോരാട്ടത്തിന് അമരം പിടിച്ചത് ബാദുഷയാണ്.

നൈസര്‍ഗിക വനം നശിപ്പിച്ച് ഏകവിളത്തോട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും വ്യവസായിക ആവശ്യങ്ങള്‍ക്കായുള്ള മുള മുറിക്കും നിയമവിരുദ്ധ മരം വെട്ടിനും എതിരേ മുഴങ്ങിയതാണ് അദ്ദേഹത്തിന്‍റെ ശബ്ദം. സമീപകാലത്ത് കേരളത്തിലെ ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സമാന മനസ്‌കരെ ഒന്നിപ്പിക്കുന്നതില്‍ പ്രകൃതി സംരക്ഷണ സമിതി മുഖേന ബാദുഷ വലിയ പങ്കാണ് വഹിച്ചത്.

കോ എക്‌സിസ്റ്റന്‍സ് കളക്ടീവ് കേരളയും സഹ്യാദ്രി പരിസ്ഥിതി കൂട്ടായമയും അതിന്‍റെ ഫലമാണ്. വയനാടന്‍ പരിസ്ഥിതിയുടെയും പശ്ചിമഘട്ടത്തിന്‍റെയും സംരക്ഷണം മുന്‍നിര്‍ത്തി സ്വീകരിച്ച നിലപാടുകളുടെ പേരില്‍ ഒട്ടേറെ കല്ലേറും നേരിടേണ്ടിവന്ന വ്യക്തിയാണ് ബാദുഷ.

Tags : NBadusha Award Wayanad DrKamaruddinFoundation

Recent News

Corehub Up