കലോത്സവവേദിയായ മാള ഹോളി ഗ്രേസിൽ ഒരുക്കിയ നിശ്ചല ദൃശ്യങ്ങളിലൊന്ന്.
മാള: സംസ്ഥാനത്തെ സിബിഎസ്ഇ വിദ്യാലയങ്ങളിലെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സഹോദയ കലോത്സവത്തിനു മാള ഹോളി ഗ്രേസ് അക്കാദമിയിൽ ഇന്നു തുടക്കം.
ഇന്നുമുതൽ 15 വരെ നാലു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 10നു മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. സംസ്ഥാനത്തെ 31 സഹോദയകളിൽനിന്നായി 1,400-ലധികം സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള പതിനായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന കലോത്സവത്തിൽ 33 വേദികളിലായി 140 മത്സരയിനങ്ങളാണു അരങ്ങേറുക.
ഹോളി ഗ്രേസ് അക്കാദമിയുടെ 25 ഏക്കറിലേറെ വിസ്തൃതിയുള്ള വിശാലമായ കാന്പസിലെ വിവിധ ഭാഗങ്ങളിലായാണു വേദികൾ ക്രമീകരിച്ചിരിക്കുന്നത്. ആകെ 33 വേദികളിൽ 32 എണ്ണവും ഒരൊറ്റ കാന്പസിനുള്ളിലാണ്. ബാൻഡ് ഡിസ്പ്ലേയ്ക്കുള്ള വേദി മാത്രമാണു സമീപത്തുള്ള മെറ്റ്സ് എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നത്. ബാൻഡ് പ്രകടനത്തിന്റെ ശബ്ദം മറ്റു മത്സരങ്ങളുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാനാണ് ഈ ക്രമീകരണം.ആദ്യദിനമായ ഇന്ന് 32 വേദികളിലായി 52 മത്സരയിനങ്ങളാണു നടക്കുന്നത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, മാപ്പിളപ്പാട്ട്, ലളിതസംഗീതം, കർണാടകസംഗീതം തുടങ്ങിയ ഇനങ്ങൾക്കൊപ്പം ഒപ്പന, ദഫ്മുട്ട്, ദേശഭക്തിഗാനം തുടങ്ങിയ പൊതുവിഭാഗം മത്സരങ്ങളും അരങ്ങേറും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ പ്രസംഗം, കവിതാരചന, കഥാരചന, ഉപന്യാസരചന തുടങ്ങിയ സാഹിത്യമത്സരങ്ങൾക്കും ചിത്രരചനാ മത്സരങ്ങൾക്കും ആദ്യദിനം വേദിയാകും.
രണ്ടാംദിനമായ നാളെ 32 വേദികളിലായി 43 ഇനങ്ങളാണു നടക്കുക. ഹോളിഗ്രേസിലെ റോബോട്ടിക് ലാബിൽ പവർപോയിന്റ് അവതരണവും ഡിജിറ്റൽ പെയിന്റിംഗും നാളെ നടക്കും. പോസ്റ്റർ ഡിസൈനിംഗ്, ജലച്ചായം, ചിത്രരചന മത്സരങ്ങളും രണ്ടാംദിനത്തിലെ പ്രത്യേകതകളാണ്. 14-ന് 33 വേദികളിലായി 41 മത്സരയിനങ്ങൾ അരങ്ങേറും. സമാപനദിനമായ 15-ന് നാലു മത്സരയിനങ്ങളാണ് നടക്കുക. ഭരതനാട്യം, മലയാളം പ്രസംഗം, നാടോടിനൃത്തം, ഓട്ടൻതുള്ളൽ എന്നിവയാണ് അവസാനദിനത്തിലെ മത്സരങ്ങൾ.
Tags : CBSE State Arts Festival Nattuvishesham DistrictNews