ദേശീയപാതയില്‍ കൊളത്തൂര്‍ പാടശേഖരത്തോട് ചേര്‍ന്ന് സര്‍വീസ് റോഡിനായി നടക്കുന്ന പാലം നിര്‍മാണം.
നെല്ലായി: ദേശീയപാതയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍മൂലം പറപ്പൂക്കര പഞ്ചായത്തിലെ കൊളത്തൂര്‍ പാടശേഖരത്ത് മുപ്പതേക്കറോളം നിലത്തിലെ മുണ്ടകന്‍ കൃഷി മുടങ്ങി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനായില്ലെങ്കില്‍ അടുത്ത സീസണിലും ഇവിടെ നെല്‍കൃഷിയിറക്കാനാകാതെ വരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
പറപ്പൂക്കര കൃഷിഭവന്റെ പരിധിയില്‍വരുന്ന കൊളത്തൂര്‍ പാടശേഖരത്തിനു കീഴില്‍ അമ്പതേക്കറോളം നെല്പ്പാടമാണുള്ളത്. ദേശീയപാതയിലെ ഉളുമ്പത്തുകുന്ന് മുതല്‍ നെല്ലായി തൂപ്പന്‍കാവ് പാലംവരെ സര്‍വീസ് റോഡുകളും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാലാണ് കൊളത്തൂര്‍ പാടശേഖരത്തില്‍ നെല്‍കൃഷി തടസപ്പെട്ടതെന്ന് പറപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. രാജീവ് പറഞ്ഞു.
പ്രളയമുണ്ടായ 2018ല്‍ ഒഴികെ എല്ലാ വര്‍ഷവും മുടങ്ങാതെ കൃഷി നടക്കുന്ന പാടശേഖരമാണ് കൊളത്തൂരിലേത്. ദേശീയപാതയ്ക്ക് ഇരുപുറവുമായി കിടക്കുന്ന പാടശേഖരത്തിലേക്ക് സമീപത്തെ കുഴിക്കാണി തോട്ടിലെ കോണിക്കച്ചിറയില്നിന്നാണ് ജലസേചനം നടത്തുന്നത്. കൊളത്തൂരില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ ചിറയില്‍നിന്ന് വെള്ളമെത്തിക്കുന്ന ചാലുകള്‍ അടഞ്ഞുപോയി. ഉളുമ്പത്തുകുന്നിനും കൊളത്തൂരിനുമിടയിലുള്ള വെള്ളപ്പാലം എന്നറിയപ്പെടുന്ന പാലത്തിന് ഇരുവശവുമായി സര്‍വീസ് റോഡുകള്‍ക്ക് പുതിയ പാലങ്ങള്‍ നിര്‍മിക്കാന്‍ മണ്ണെടുത്തുനീക്കിയതും കര്‍ഷകര്‍ക്ക് വിനയായി.
മികച്ച വിളവുലഭിക്കാറുള്ള മുണ്ടകന്‍ മുടങ്ങിയതുവഴി കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വേനല്‍ തുടങ്ങുന്നതിനു മുമ്പായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തോട്ടിലൂടെ വെള്ളമൊഴുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊളത്തൂരിലും പരിസരപ്രദേശങ്ങളിലും ഇത്തവണ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കേണ്ടിവരുമെന്ന ആശങ്കയാണ് കര്‍ഷകര്‍ പങ്കുവയ്ക്കുന്നത്.
പണികള്‍ ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും കാര്യമായ നിര്‍മാണ പുരോഗതി ഇല്ലാത്തത് കര്‍ഷകരേയും നാട്ടുകാരേയും ഒരുപോലെ ആശങ്കയിലാക്കുന്നു
വികസന പ്രവര്‍ത്തനങ്ങള്‍ നാടിന്റെ ആവശ്യമായതിനാല്‍ നഷ്ടം കണക്കിലെടുക്കാതെയാണ് കര്‍ഷകര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോടു സഹകരിച്ചു പോരുന്നത്. എന്നാല്‍ വേനല്‍ കടുക്കുന്നതിനു മുമ്പായി പാലങ്ങളുടെ പണികള്‍ പൂര്‍ത്തീകരിച്ച് ചിറയില്‍ നിന്നുള്ള വെള്ളം തോടുകളിലൂടെ എത്തിക്കാനായില്ലെങ്കില്‍ മേഖലയിലെ കിണറുകള്‍ വറ്റാന്‍ കാരണമാകും. ഇത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനിട വരുത്തും. ഒരുമാസത്തോളമായി ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. ഈ രീതി തുടര്‍ന്നാല്‍ സമയബന്ധിതമായി പണികള്‍ പൂര്‍ത്തീകരിക്കാനാകാതെ വരും. ഇത് അടുത്ത സീസണിലും നെല്‍കൃഷി ഇറക്കുന്നതിന് തടസം സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Tags : 30 acres in Kolathur Nattuvishesham DistrictNews