പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച ജില്ലയിലെ ഏഴു വില്ലേജുകളെ ഇഎസ്എ പരിധിയില്‍നിന്നും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന പേരില്‍ പ്രതിപക്ഷ പ്രതിഷേധം. ഇന്ന് മലയോര മേഖലയിലെ വില്ലേജുകളില്‍ കരിദിനമാചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തിരിക്കുകയാണ്. ഏഴ് വില്ലേജുകളിലും കരിദിനാചരണം നടക്കും.
വടശേരിക്കര, സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട്, കൊല്ലമുള, അരുവാപ്പുലം, പെരുനാട് വില്ലേജുകളാണ് ജില്ലയില്‍ ഇഎസ്എ പരിധിയില്‍ വരുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം നടപ്പാക്കുന്നതോടെ പ്രദേശത്തെ കൃഷി, കെട്ടിടം, റോഡ് നിര്‍മാണം-വികസനം-നവീകരണം, ജലസേചന പദ്ധതികള്‍, വൈദ്യുതി ഉത്പാദനം, ഗതാഗതം, തീര്‍ഥാടനം തുടങ്ങിയ മേഖലകളെ ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക.
വനാതിര്‍ത്തി പങ്കിടുന്ന വില്ലേജുകള്‍ കരട് നിര്‍ദേശത്തില്‍ നിന്നു പൂര്‍ണമായി മാറ്റാനാകില്ലെന്നും പകരം ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്ന ഭാഗം ഒഴിവാക്കുകയെന്ന നിര്‍ദേശമാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് നല്‍കിയിരിക്കുന്നതെന്നുമാണ് വിശദീകരണം.
പത്തനംതിട്ട ജില്ലയെ അവഗണിച്ചു: സിപിഐ
പത്തനംതിട്ട: സംസ്ഥാനത്തെ മറ്റ് ഏഴ് ജില്ലകളിലെ വില്ലേജുകളെ ഇഎസ്എയില്‍നിന്ന് ഒഴിവാക്കാന്‍ ശിപാര്‍ശ ചെയ്തപ്പോള്‍ പത്തനംതിട്ട ജില്ലയെ മാത്രം പരിഗണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍.
ഇഎസ്എയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിന്റെ കടകവിരുദ്ധമായ സമീപനമാണ് ഇപ്പോഴത്തെ യുഡിഎഫ് ഗവണ്മെന്റ് സ്വീകരിക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഷയം പഠിക്കാന്‍ വിദഗ്ധരെ നിയോഗിക്കുകയും സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കി 2024 നവംബര്‍ രണ്ടിന് കേന്ദ്രസര്‍ക്കാരിന് നല്കി. ഇതിനുവേണ്ടി വിളിച്ച് ചേര്‍ത്ത നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി അയയ്ക്കുകയും ചെയ്തു. ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്നും പരിസ്ഥിതി നിയമ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ 98 വില്ലേജുകളില്‍ ഉള്‍പ്പെടുന്ന 8590. 69 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മാത്രമായി തിട്ടപ്പെടുത്തണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, ഇപ്പോള്‍ പുറപ്പെടുവിച്ച ഏഴാമത് വിജ്ഞാപനത്തില്‍ കേരളത്തിന്റെ നിര്‍ദേശങ്ങൾ പരിഗണിക്കാതെ വില്ലേജുകളുടെ എണ്ണം 131 ആയും ഭൂപ്രദേശങ്ങളുടെ വിസ്തീര്‍ണം 9993.7 ചതുരശ്ര കിലോമീറ്ററായും വരുന്നത് ജീവനോപാധികളെ പ്രതിസന്ധിയിലാക്കുന്നതാണ്. പത്തനംതിട്ട ജില്ലയില്‍ കരട് പട്ടികയില്‍ ഉള്‍പ്പെട്ട വില്ലേജുകള്‍ ജനവാസ മേഖലകളാണെന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ചിരിക്കുകയാണെന്നും ചിറ്റയം ഗോപകുമാര്‍ കുറ്റപ്പെടുത്തി.
പരിസ്ഥിതിലോല മേഖല:വില്ലേജുകളെ പൂര്‍ണമായി ഒഴിവാക്കാത്തതില്‍ പ്രതിഷേധം
പത്തനംതിട്ട: പരിസ്ഥിതിലോല മേഖല സംബന്ധിച്ച് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജില്ലയിലെ വില്ലേജുകളെ പൂര്‍ണമായി ഒഴിവാക്കാത്തതില്‍ ഹരിത സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ജനവാസമേഖലകളും കൃഷിഭൂമികളും തോട്ടങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളെ ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ വനവും കൃഷിഭൂമിയും വീടുകളും ചേര്‍ന്ന പ്രദേശങ്ങളില്‍ കൃത്യമായി അതിര്‍ത്തി നിര്‍ണയിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാകുമെന്ന് യോഗം വിലയിരുത്തി.
ഒരു സര്‍വേ നമ്പറിന്റെ ഒരു ഭാഗം ഇഎസ്എ പരിധിയിലും മറ്റൊരു ഭാഗം ഇഎസ്എയ്ക്ക് പുറത്തുമായി വരുന്നത് ഭൂവുടമകളുമായി തര്‍ക്കങ്ങൾക്ക് ഇടയാക്കാനും സാധ്യതയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും അനുബന്ധ ഭൂപടവും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടങ്ങളും പൂര്‍ണമായി ഒഴിവാക്കി വനമേഖലകളെ മാത്രം പരിസ്ഥിതിലോല മേഖലയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹരിതസംരക്ഷണ സമിതി ജില്ലാപ്രസിഡന്റ് കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു, സെക്രട്ടറി റെജി പ്ലാത്തോട്ടത്തില്‍, കണ്‍വീനര്‍ സജി ഇടിക്കുള, സിബി ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
അരുവാപ്പുലത്ത് ഇന്ന് കരിദിനാചരണം
കോന്നി: പരിസ്ഥിതിലോല മേഖലയില്‍നിന്ന് ഒഴിവാക്കുന്ന വില്ലേജുകളുടെ പട്ടികയില്‍ അരുവാപ്പുലത്തെ ഉള്‍പ്പെടുത്താത്ത യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് അരുവാപ്പുലം വില്ലേജില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കരിദിനം ആചരിക്കും
ജില്ലയിലെ കോന്നി താലൂക്കിലെ അരുവാപ്പുലം വില്ലേജിലെ 11 വാര്‍ഡുകള്‍ അടങ്ങുന്ന പ്രദേശം പൂര്‍ണമായും അതീവ പരിസ്ഥിതിലോല മേഖലയായിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
അരുവാപ്പുലം പഞ്ചായത്തിലെ മൂന്നു മുതല്‍ 13 വരെയുള്ള പതിനൊന്ന് വാര്‍ഡുകളിലായി അയ്യായിരത്തിലധികം കുടുംബങ്ങള്‍ നൂറ്റാണ്ടുകളായി കൃഷി ചെയ്തും ചെറുകിട കച്ചവടങ്ങള്‍ ചെയ്തും ജീവിച്ചുവരുന്ന പ്രദേശമാണ്. കരിദിനാചരണത്തിനും തുടര്‍ സമര പരിപാടികള്‍ക്കും സിപിഎം കോന്നി ഏരിയാ കമ്മിറ്റി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
കരട് വിജ്ഞാപനം അശാസ്ത്രീയം:
ജനീഷ് കുമാര്‍ എംഎല്‍എ
കോന്നി: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2026 ജൂലൈ 27ന് പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനം അശാസ്ത്രീയവും ജനജീവിതത്തെ സാരമായി ബാധിക്കുന്നതുമാണെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തനു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. കോന്നി നിയോജകമണ്ഡലത്തിലെ അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് വില്ലേജുകളെ പൂര്‍ണമായും കോന്നി താഴം വില്ലേജിനെ ഭാഗികമായും ഉള്‍പ്പെടുത്തിയത് ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും, പ്രാദേശിക ജനപങ്കാളിത്തവും കൃത്യമായ അതിര്‍ത്തി നിര്‍ണയവുമില്ലാതെ മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ലന്നും എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടി
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പരിധി കേന്ദ്രം അട്ടിമറിച്ചതിലെ പൊരുത്തക്കേടുകള്‍ എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി മാത്രമാണ് പരിസ്ഥിതിലോല പ്രദേശമായി നിലനിര്‍ത്തേണ്ടതെന്ന് 2024 നവംബര്‍ രണ്ടിന് കേരളം കേന്ദ്രത്തിന് ശിപാര്‍ശ നല്‍കിയിരുന്നതാണ്. ഇത് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ ശരിവച്ചതുമാണ്. എന്നാല്‍, ഇപ്പോഴത്തെ കരട് വിജ്ഞാപനത്തില്‍ ഇത് 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്ററാക്കി ഉയര്‍ത്തിയത് ഏതു ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായി ചുരുക്കിയത് സാധാരണക്കാരായ ജനങ്ങളോടുള്ള അവകാശലംഘനമാണെന്നും, വിജ്ഞാപനങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍, സ്കൂളുകള്‍, റോഡുകള്‍, മറ്റ് പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് പൂര്ണമായുംഒഴിവാക്കണമെന്നും കരട് വിജ്ഞാപനം മലയാളത്തില്‍ പ്രസിദ്ധീകരിച്ച് ജനങ്ങള്‍ക്ക് തടസവാദങ്ങള്‍ ഉന്നയിക്കാന്‍ മതിയായ സമയം അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കൂടാതെ, വനാവകാശ നിയമപ്രകാരം ആദിവാസി വിഭാഗങ്ങള്‍ക്കും പരമ്പരാഗത വനവാസികള്‍ക്കും ലഭിച്ചിട്ടുള്ള നിയമപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കരുതെന്നും
ഗ്രാമസഭകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങള്‍ മാനിച്ച് മാത്രമേ അന്തിമ വിജ്ഞാപനത്തിലേക്ക് കടക്കാവൂവെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews