കെപി റോഡ് വശത്ത് ഏഴംകുളം ജംഗ്ഷന് സമീപം മൂടിയില്ലാത്ത ഓട
അടൂര്‍: മൂടിയില്ലാത്ത ഓട കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. കെപി റോഡരികില്‍ ഏഴംകുളം ജംഗ്ഷനു സമീപം നിര്‍മിച്ച ഓടകള്ക്കാണ് മൂടി ഇല്ലാത്തത്. രണ്ടുമാസമായി ഓടപണി പൂര്‍ത്തിയായിട്ട്. ഉയരമില്ലാത്ത ഇടങ്ങളില്‍ കെട്ടി ഉയര്‍ത്തിയിരുന്നു. ഏഴംകുളം ജംഗ്ഷന് പടിഞ്ഞാറ് പെട്രോള്‍ പമ്പിന് സമീപവും കിഴക്കോട്ട് മാറിയുള്ള ഭാഗങ്ങളിലുമാണ് ഓടകള്‍ക്ക് മൂടിയില്ലാത്തത്. പുതുതായി പണിതതില്‍ കുറെ ഭാഗത്ത് മൂടികള്‍ ഇട്ടിട്ടുണ്ട്. നേരത്തെയുള്ള മൂടിയില്ലാത്ത ഓടകള്‍ക്കുമുകളില്‍ പലയിടത്തും കാട് വളര്‍ന്നുകിടക്കുകയാണ്. കാടുള്ള ഭാഗങ്ങളില്‍ ഓട ശ്രദ്ധയില്‍ പെടില്ല. ഇത് കാല്‍നടയാത്രക്കാര്‍ക്ക് വലിയ അപകടഭീഷണിയാണ്.
മുന്‍പ് ഈ പ്രദേശത്ത് നിയന്ത്രണം വിട്ട് ഇരുചക്ര വാഹനം ഓടയില്‍ വീണ സംഭവംമുണ്ടായിട്ടുണ്ട്. റോഡിന് വീതി കുറവുള്ള സ്ഥലങ്ങളിലെ മൂടിയില്ലാത്ത ഓടയാണ് വലിയ അപകട സാധ്യത. ജംഗ്ഷനു സമീപമുള്ള ഓടകള്‍ക്ക് മുഴുവന്‍ മൂടി സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.