മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ആശ്വാസമായി പഞ്ചായത്തിന്റെ കുടിവെള്ള വിതരണം. ചാലിയാർ, ഇരുവഴിഞ്ഞി പുഴകൾ വരൾച്ചക്കും കുടിവെള്ള ക്ഷാമത്തിനും ആശ്വാസമാകുന്ന കൊടിയത്തൂർ പഞ്ചായത്തിൽ പുഴകളുടെ സാന്നിധ്യമില്ലാത്ത പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമത്തെ പ്രതിരോധിക്കുന്നതിന് കൊടിയത്തൂർ പഞ്ചായത്ത് വാഹനങ്ങൾ മുഖേന കുടിവെള്ള വിതരണം നടത്തുന്നത്.
പഞ്ചായത്തിൽ കേരള വാട്ടർ അഥോറിറ്റിയുടെ കോട്ടമ്മൽ പദ്ധതി, എൻസിപിസി കുടിവെള്ള പദ്ധതിയായ ചെറുവാടി പഴമ്പറമ്പിലെ ഐലാക്കോട് പദ്ധതി, തോട്ടുമുക്കം തരിയോട് കുടി വെള്ള പദ്ധതി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ പുറമണ്ണിൽ ശുദ്ധ ജല പദ്ധതി, കൊടിയത്തൂർ പഞ്ചായത്ത് നടപ്പിലാക്കിയ കോട്ടമ്മൽ, നടക്കൽ, വാളേപ്പാറ, കയ്യൂണമ്മൽ, കൂൻമതൊടി, ചാലക്കൽ, അക്കരപറമ്പ്, മുത്തോട് ഉൾപ്പെടെ ധാരാളം ചെറുകിട കുടിവെള്ള പദ്ധതികളും, ജല സേചന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന ചെറുവാടി തറമ്മൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ തടായി ജലസേചന പദ്ധതി, കൊടിയത്തൂർ പഞ്ചായത്ത് നടപ്പിലാക്കിയ ഈങ്ങല്ലീരി ജല സേചന പദ്ധതി എന്നിവ കാർഷിക മേഖലക്കും കുടിവെള്ള ക്ഷാമത്തിനും ഒരു പോലെ ആശ്വാസം നൽകുന്ന പദ്ധതികളാണ്.
ഈ പദ്ധതികളിലേക്ക് എല്ലാം ജല ലഭ്യതക്ക് അടിസ്ഥാനം ചാലിയാറിന് കുറുകെ ജല സേചന വകുപ്പ് 2001ൽ സ്ഥാപിച്ച കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജാണ്. പഞ്ചായത്ത് മെമ്പർ സി.ടി. യൂസഫിനാണ് ജല വിതരണ ഏകോപനം. ജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പരിഹാരം കാണുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, വൈസ് പ്രസിഡന്റ് സുജ ടോം എന്നിവർ പറഞ്ഞു.