ചീക്കാട് ഉന്നതിയിൽ കുടിവെള്ളം തലച്ചുമടായി കൊണ്ടുവരുന്നവർ.
കാർത്തികപുരം: വേനൽ കടുത്തതോടെ ഉദയഗിരി പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം. കടുത്ത വേനലിൽ കുടിവെള്ളത്തിനായി അപ്പർ ചീക്കാട്, ലോവർ ചീക്കാട് ആദിവാസി പുനരധിവാസ മേഖലകൾ, മുതുശേരി, കോളി, പൂവംചാൽ. പെരുമുണ്ട പാറോത്തുംമല, മാവും തട്ട്, ലഡാക്ക്, ചെക്കുറിഞ്ഞി പട്ടിക വർഗ ഊരുകളിലെ അടക്കം ജനങ്ങൾ വലയുകയാണ്.
കിണറുകളും തോടുകളും പുഴകളും അടക്കമുള്ള ജലാശയങ്ങൾ വറ്റിവരണ്ടനിലയിലാണ്. കുടിവെള്ളത്തിനായി ആളുകൾ ദീർഘദൂരം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം എത്തിക്കുന്നതിന് പഞ്ചായത്ത് അധികൃതർ മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ എല്ലാ പഞ്ചായത്തുകൾക്കും നൽകിയ നിർദേശങ്ങൾ ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന പരാതിയുണ്ട്.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ പഞ്ചായത്തംഗംങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ള മെത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം .രാത്രികാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്ന് തലച്ചുമടായി വെള്ളം എത്തിക്കുന്നതും ഉന്നതി അടക്കമുള്ള പ്രദേശങ്ങളിൽ നിത്യ കാഴ്ചയാണ്.