പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന് സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തില്‍ കൂട്ട് - മാറ്റത്തിനും മികച്ച നാളേക്കും എന്ന പേരില്‍ കൗമാരപ്രായക്കാര്‍ക്കായുള്ള സമഗ്ര വ്യക്തിത്വ വികസന ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കാന്പെയിൻ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ എ. നിസാമുദീൻ നിർവഹിച്ചു.
കുടുംബശ്രീ ജില്ലാമിഷൻ എഡിഎംസി സി.ഡി. ആതിര സ്നേഹിത സ്റ്റാഫുകളായ ട്രീസ എസ്. ജെയിംസ്, വി. സവിത, എസ്. ഗായത്രിദേവി എന്നിവർ പങ്കെടുത്തു.
കൗമാരക്കാരുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ജില്ലയിലെ എല്ലാ സിഡിഎസുകളിലും ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി മാനസിക ആരോഗ്യം, വൈകാരിക വികാസം, ശാരീരിക വികാസം, ബൗദ്ധിക വികാസം എന്നീ വിഷയങ്ങളിലാണ് 13നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നത്.
ആത്മവിശ്വാസം വര്‍ധിപ്പിക്കല്‍, ആശയവിനിമയശേഷി, ലഹരിവിരുദ്ധ ബോധവത്കരണം, സുരക്ഷിതമായ സാമൂഹിക ഇടപെടലുകൾ, ജീവിതനൈപുണിവികസനം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണം നല്‍കും. അവബോധപരിപാടിയിലൂടെ കൗമാരപ്രായക്കാര്‍ നേരിടുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അതിജീവിക്കാനും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താനും സഹായിക്കും.
കൗമാരക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവും ആരോഗ്യകരവുമായ വളര്‍ച്ച ഉറപ്പുവരുത്തുകയും, ആത്മവിശ്വാസവും ജീവിതമൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തബോധവും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന തരത്തിലാണ് കാന്പെയിൻ രൂപപ്പെടുത്തിയിട്ടുള്ളത്.
ജില്ലാതല ഉദ്ഘാടനം കുന്നന്താനം സിഡിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് എം. ജെ. വിജയന്റെ അധ്യക്ഷതയിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് നിർവഹിച്ചു, 80 കുട്ടികൾ ഉൾപ്പെടെ 104 പേർ പങ്കെടുത്തു.