നിലന്പൂർ: കണ്ണംകുണ്ട് ആദിവാസി നഗറിൽ ഉൾപ്പെടെ കുടിവെള്ളം എത്തിച്ച് ചാലിയാർ ഗ്രാമപഞ്ചായത്ത് അധികൃതർ. 5000 ലിറ്ററിന്റെ വാട്ടർ ടാങ്കിലാണ് വെള്ളം എത്തിക്കുന്നത്. അതിരൂക്ഷമായി കുടിവെള്ളക്ഷാമം നേരിടുന്ന കണ്ണംകുണ്ട് ആദിവാസി നഗറിലെ കുടുംബങ്ങൾക്കും ആറംക്കോട്, കണ്ണംകുണ്ട് ഭാഗങ്ങളിൽ ജലക്ഷാമം നേരിടുന്ന കുടുംബങ്ങൾക്കുമാണ് ആദ്യഘട്ടത്തിൽ വാഹനത്തിൽ വെള്ളം എത്തിച്ച് നൽകിയത്. തുടർ ദിവസങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിലും ജലവിതരണം നടത്തും.
കണ്ണംകുണ്ട് നഗറിൽ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ സുരേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് തോണിക്കടവൻ ഷൗക്കത്ത്, വാർഡ് അംഗം മൈമൂന കല്ലിങ്ങൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബഷീർ കാട്ടുമുണ്ട, വിജി സുരേഷ്, പ്രവീണ സുരേഷ് എന്നിവർ പങ്കെടുത്തു.
ആറംക്കോട്, കണ്ണംകുണ്ട് ഭാഗങ്ങളിൽ പൊതുകിണറുകളിലെ വെള്ളം വറ്റിയതോടെ ജനങ്ങൾ വലിയ ജലക്ഷാമമാണ് നേരിടുന്നത്. ജൽജീവൻ പദ്ധതിയിലൂടെ കുടിവെള്ള വിതരണം തുടങ്ങാത്തതുമാണ് തിരിച്ചടിയായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ചാലിയാർ പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസുകളായ കാഞ്ഞിരപ്പുഴയിലും കുറുവൻപുഴയിലും ജലവിതാനം താഴ്ന്ന നിലയിലാണ്.