ആലപ്പുഴ: വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുള്ളതു കാരണം കുടിവെള്ള കണക്ഷൻ നൽകാനാവില്ലെന്ന വാട്ടർ അഥോറിറ്റിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
തത്തംപ്പള്ളി കറുകയിൽ വാർഡിൽ മംഗലമുറ്റത്ത് തോമസ് ആന്റണിക്ക് ഒരുമാസത്തിനകം കണക്ഷൻ നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു. തനിക്ക് വസ്തു നൽകിയ വ്യക്തിയുടെ സഹോദരൻ വാട്ടർ അഥോറിറ്റിയെ തെറ്റിധരിപ്പിച്ച് തന്റെ വസ്തുവിലൂടെ കുടിവെള്ള കണക്ഷൻ എടുത്തതുകൊണ്ടാണ് കണക്ഷൻ നൽകാൻ വാട്ടർ അഥോറിറ്റി വിസമ്മതിച്ചതെന്ന് പരാതിയിൽ പറയുന്നു.
കമ്മീഷൻ വാട്ടർ അഥോറിറ്റിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. റോയ് ആന്റണി എന്നയാളുടെ പേരിലുള്ള കൺസ്യൂമർ നമ്പറിൽ വാട്ടർ അഥോറിറ്റി ഒരു കണക്ഷൻ അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത കണക്ഷൻ തന്റെ വസ്തുവിലാണ് സ്ഥിതി ചെയ്യുന്നതെന്നും പരാതിക്കാരനായ തോമസ് ആന്റ ണി അറിയിച്ചതായി വാട്ടർ അഥോറിറ്റി കമ്മീഷനെ അറിയിച്ചു. പരാതിക്കാരന്റെ വസ്തു തന്റേതാണെന്ന് ആരോപിച്ച് റോയ് ആന്റണി മുൻസിഫ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വാട്ടർ അഥോറിറ്റി അറിയിച്ചു.
പരാതിക്കാരന്റെ പേരിൽ കുടിവെള്ള കണക്ഷൻ നൽകുന്നതിനെതിരായി കോടതിയിൽനിന്നും ഇഞ്ചക്ഷൻ ഓർഡർ ഉള്ളതായി കമ്മീഷന് അറിയില്ലെന്ന് ഉത്തരവിൽ പറഞ്ഞു. അതിനാൽ ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം കുടിവെള്ള കണക്ഷൻ നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു.