ഇടറോഡിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന കാർ. തൊട്ടുമുന്നിലായി മേൽപ്പാലമിറങ്ങി വരുന്ന ഓട്ടോയും കാണാം.
വൈറ്റില: വൈറ്റില-കുണ്ടന്നൂർ ദേശീയപാതയിൽ തൃപ്പൂണിത്തുറ റോഡിൽനിന്നു പവർ ഹൗസിനടുത്ത് ഇടറോഡുവഴി നേരേ കയറിവരുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നു. ഇവിടെ ഇടറോഡിൽനിന്ന് വാഹനങ്ങൾ കയറിവരുന്നത് കുണ്ടന്നൂർ ദിശയിലേക്ക് വൈറ്റില മേൽപ്പാലമിറങ്ങി വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിലേക്കാണ്. ഇടറോഡിൽനിന്നു വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ സർവീസ് റോഡ് ഉണ്ടായിരിക്കെ സർവീസ് റോഡ് ഒഴിവാക്കി നേരേ തന്നെ ദേശീയപാതയിലേക്ക് വാഹനങ്ങൾ കയറിവരുന്നതാണ് ഇവിടെ അപകടാവസ്ഥ സൃഷ്ടിക്കുന്നത്.
കാറുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും തന്നെ സർവീസ് റോഡ് ഉപയോഗപ്പെടുത്താതെ നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കുകയാണ്. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇത്തരത്തിൽ പെട്ടെന്ന് ദേശീയപാതയിലേക്ക് കടന്നുവരുന്നത് മേൽപ്പാലമിറങ്ങി വരുന്ന വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുമെങ്കിലും ചെറിയ വാഹനങ്ങൾ ഇത്തരത്തിലെത്തുന്നത് തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് ഡ്രൈവർമാരുടെ കണ്ണിൽപ്പെടുക.
വൈറ്റില മേൽപ്പാലത്തിലൂടെ തടസങ്ങളില്ലാതെ സാമാന്യം വേഗതയിൽ പാലമിറങ്ങി വരുന്ന വാഹനങ്ങൾക്ക് മുന്നിലേക്കാണ് പൊടുന്നനെ ഇടതുവശത്തുനിന്ന് വാഹനങ്ങൾ കയറിവരുന്നത്. ഇവയിൽ ഇടിക്കാതിരിക്കാനായി വാഹനങ്ങൾ ദേശീയപാതയിലെ അടുത്ത ട്രാക്കിലേക്ക് മാറ്റുന്പോൾ തൊട്ടുപിന്നാലെയെത്തുന്ന വാഹനങ്ങൾക്ക് മുന്നിലേക്കാണ് ചെന്നുപെടുന്നത്. പലപ്പോഴും തലനാരിഴയ്ക്കാണ് ഇവിടെ വാഹനങ്ങൾ കൂട്ടിയിടിക്കാതെ രക്ഷപ്പെടുന്നത്. എന്നാൽ, ഇതിനകംതന്നെ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഇവിടെയുണ്ടായിട്ടുണ്ടെന്നതാണ് വാസ്തവം.
വൈറ്റില ജംഗ്ഷനിലെ ഗതാഗത തിരക്ക് കുറയ്ക്കാനായി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടുന്നതാണ് തൃപ്പൂണിത്തുറ റോഡിലെ പവർഹൗസ് സ്റ്റോപ്പിനോടു ചേർന്നുള്ള ഈ ചെറിയ ഇടറോഡ്. ഈ ചെറിയ റോഡിൽനിന്നു ദേശീയപാതയിലേക്കെത്തുന്ന വാഹനങ്ങൾ അല്പദൂരം സർവീസ് റോഡിലൂടെ തെക്കോട്ട് സഞ്ചരിച്ചതിന് ശേഷം ദേശീയപാതയിൽ കയറിയാൽ ഒഴിവാക്കാവുന്ന അപകടങ്ങളാണ് ഡ്രൈവർമാരുടെ അലംഭാവം മൂലം ഇവിടെ സംജാതമാകുന്നത്.
അടിക്കടിയുള്ള ട്രാഫിക് പരിഷ്ക്കരണമാണ് ഇത്തരത്തിലുള്ള അപകടത്തിന് ഇടയാക്കുന്നതെന്നാണ് സ്വകാര്യ ബസ് ഡ്രൈവർമാർ പറയുന്നത്.
Tags :