ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ഓണസദ്യ
മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ സ്നേഹസദ്യ. ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന "ഹൃദയപൂർവം പൊതിച്ചോർ’ വിതരണ പദ്ധതിയുടെ ഭാഗമായാണ് ആശുപത്രിയിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്. പടിഞ്ഞാറെ ചാത്തല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സദ്യ തയാറാക്കിയത്.
ഡിവൈഎഫ്ഐ മഞ്ചേരി മെഡിക്കൽ കോളജിൽ ആരംഭിച്ച പൊതിച്ചോർ വിതരണം 1915 ദിവസങ്ങൾ പൂർത്തിയാക്കി. ഇതുവരെ 17,64,478 സ്നേഹപ്പൊതികളാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിശപ്പകറ്റിയത്. മഹാപ്രളയ കാലത്തും ലോക്ഡൗണ്‍ നാളുകളിലും മുടങ്ങാതെ ഉച്ചഭക്ഷണം ആശുപത്രി മുറ്റത്തെത്തിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർക്കായി. രാഷ്ട്രീയ-സാമൂഹിക ഭേദമന്യേ ഏവരും ഏറ്റെടുത്ത പദ്ധതിയിൽ ദിനംപ്രതി ശരാശരി ആയിരം പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്.
എല്ലാ ദിവസവും നിശ്ചയിക്കപ്പെട്ട മേഖല കമ്മിറ്റികൾക്ക് കീഴിലെ യൂണിറ്റുകൾ വഴിയാണ് വീടുകളിൽ നിന്ന് ഭക്ഷണപ്പൊതികൾ ശേഖരിക്കുന്നത്.
ഓണസദ്യ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഷബീർ നിർവഹിച്ചു. വണ്ടൂർ ബ്ലോക്ക് സെക്രട്ടറി ജുനൈദ്, മഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് ശിഹാബ്, ജോയിന്റ് സെക്രട്ടറി രോഷിത്, ബ്ലോക്ക് കമ്മിറ്റി അംഗം സൽമാൻ, പടിഞ്ഞാറെ ചാത്തല്ലൂർ യൂണിറ്റ് സെക്രട്ടറി ടി. ബിനീഷ്, ബ്രാഞ്ച് സെക്രട്ടറി ബിലാഹരി, എടവണ്ണ മേഖല സെക്രട്ടറി പ്രജീഷ് കൃഷ്ണ, മേഖലാ പ്രസിഡന്റ് സഗീർ, ട്രഷറർ പി.പി. ഷറഹുൽ ബാനു, കെ. ഷിബിൻ എന്നിവർ പങ്കെടുത്തു.