വണ്ണപ്പുറം: മണ്‍റോഡ് കോണ്ക്രീറ്റുചെയ്യാന് നടപടിയില്ലെന്ന പരാതിയുമായി വയോധികന് വയോജന കമ്മീഷനെ സമീപിച്ചു. വണ്ണപ്പുറം പെരുമ്പിള്ളിക്കുന്നേല്‍ ജോസഫ് (94) ആണ് പരാതിയുമായി എത്തിയത്. ഇദ്ദേഹത്തിന്റെ വീടിനു സമീപത്തുകൂടിയുള്ള മണ്‍റോഡ് പഞ്ചായത്ത് ടാറിംഗ് നടത്തുകയോ കോണ്‍ക്രീറ്റിംഗ് ചെയ്യുകയോ വേണമെന്നാണ് ആവശ്യം. ഇതിനായി നാട്ടുകാരുടെ ഒപ്പുശേഖരിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഒരു നടപടിയും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് വയോജനകമ്മീഷനെ സമീപിച്ചത്.
രണ്ടുവര്‍ഷം മുമ്പ് റോഡിന്റെ കുത്തനെയുള്ള 40 മീറ്റര്‍ ദൂരം തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇനി 100 മീറ്റര്‍ കൂടി കോണ്‍ക്രീറ്റ് ചെയ്താലേ റോഡ് ഗതാഗതയോഗ്യമാകൂ. മഴക്കാലത്ത് ജോസഫിന്റെ വീടിനു സമീപം വാഹനത്തില്‍ എത്തുകയെന്ന സ്വപ്നം യാഥാര്‍ഥ്യമായി കാണണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
ഈ റോഡ് മറ്റൊരു റോഡുമായി ചേരുന്ന കുഞ്ഞപ്പന്‍പാറ വരെയുള്ള കോണ്‍ക്രീറ്റിംഗിന് 300 മീറ്റര്ദൂരംകൂടി ബാക്കിയുണ്ട്. ഇത്രയും ദൂരം പൂര്‍ത്തിയാക്കിയാല്‍ നിരവധി കുടുംബങ്ങള്‍ക്കു പ്രയോജനം ലഭിക്കും. ഇക്കാര്യങ്ങളെല്ലാം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ വോട്ടുതേടിയെത്തിയ സ്ഥാനാര്‍ഥികളോട് വ്യക്തമാക്കിയിരുന്നു. റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ് അവര്‍ മടങ്ങിയതല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. നാലര പതിറ്റാണ്ട് പിന്നിട്ടിട്ടും ടാറിംഗോ കോണ്ക്രീറ്റിംഗോ നടക്കാത്തതിനാലാണ് പരാതിയുമായി വയോധികന് ഇറങ്ങിത്തിരിച്ചത്.
ചെളിനിറഞ്ഞുകിടക്കുന്ന മണ്‍റോഡിലൂടെ 86 വയസുള്ള രോഗബാധിതയായ ഭാര്യ മറിയക്കുട്ടിയുമായി ആശുപത്രിയില്‍പോകാന്‍ പോലും നിവൃത്തിയില്ലാത്ത സ്ഥിതിയാണുള്ളത്.
ജനപ്രതിനിധികളോടുപറഞ്ഞിട്ടു പ്രയോജനമില്ലെന്നു മനസിലാക്കിയ ഇദ്ദേഹം രണ്ടുംകല്‍പ്പിച്ച് നീതിതേടിയുള്ള പോരാട്ടത്തിലാണ്. ദര്ഭത്തൊട്ടിയിലെ ആദ്യകാല താമസക്കാരനായ ജോസഫ് വീടിനടുത്തേക്ക് എത്താന്‍ സഞ്ചാരയോഗ്യമായ റോഡ് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ്. വിഷയത്തില്‍ വയോജന കമ്മീഷന് വണ്ണപ്പുറം പഞ്ചായത്തിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
റോഡ് നിര്‍മാണത്തിന് ഫണ്ട് ലഭ്യമല്ലെന്ന മറുപടിയാണ് പഞ്ചായത്തധികൃതര്‍ നല്‍കിയത്. മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിച്ച് മണ്‍റോഡ് നിര്‍മിക്കുന്നതു തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിച്ചാലേ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകൂവെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്.