കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചിന ഗ്യാരണ്ടികളില്‍ ഒന്നായ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയായ പ്രിയദര്‍ശിനി പദ്ധതിയുടെ കടുത്തുരുത്തി നിയോജകമണ്ഡലതല ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു.
കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസിന് ആദ്യയാത്രയ്ക്കുള്ള സീറോ ടിക്കറ്റ് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. കടുത്തുരുത്തിയില്‍ നിന്നും ഉദ്ഘാടനം ചെയ്ത ശേഷം ബസില്‍ കയറിയ മന്ത്രി അടുത്ത ജംഗ്ഷനില്‍ ഇറങ്ങി.
ജില്ലാ പഞ്ചായത്ത് മെംബർ ആന്മരിയ ജോര്‍ജ്, ജനപ്രതിനിധികളായ ലൂക്കോസ് മാക്കീൽ, സുനു ജോര്‍ജ്, മാഞ്ഞൂര്‍ മോഹന്‍കുമാർ, മിനി മത്തായി, ലിസി ജോസ്, ശ്രീലേഖ മണിലാൽ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രിയദർശിനിക്ക് വൈക്കത്ത് ഊഷ്മള വരവേല്പ്
വൈക്കം:കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വനിതകളുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വൈക്കത്ത് കെ.ബിനിമോൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ത്രിതല പഞ്ചായത്ത് അംഗങ്ങൾ കെഎസ്ആർടിസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ യാത്രക്കാർക്ക് ബസിൽ ലഡു വിതരണം ചെയ്താണ് കെഎസ്ആർടിസിയും യുഡിഎഫ് പ്രവർത്തകരും ആഹ്ലാദം പങ്കിട്ടത്.വൈക്കത്ത് ഉദ്ഘാടനശേഷം എംഎൽഎ കെ. ബിനിമോൻ യാത്രക്ക് ഡബിൾ ബൈൽ അടിച്ചതോടെ സർവീസ് ആരംഭിച്ചു.
കെഎസ്ആർടിസി ഡ്രൈവർ ഷാജിമോനാണ് ആദ്യ സ്ത്രീ സൗജന്യ യാത്രാ ബസിലെ സാരഥിയായത്. വൈക്കത്ത് നിന്ന് വൈറ്റിലയ്ക്കുള്ള സൗജന്യ യാത്രാ ബസിൽ കെ.എൻ.ഷാജി മോൻ ആദ്യ സീറോ ടിക്കറ്റ് നൽകി. നഗരം ചുറ്റി സ്റ്റാൻഡിലെത്തിയ ശേഷം ആദ്യ യാത്രയ്ക്കായി ബസ് വൈറ്റിലയിലേക്ക് പുറപ്പെട്ടു.
Tags : nattu vishesham Priyadarshini warmly welcomed.