പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് കുടപ്പനക്കുന്ന് കളക്ടറേറ്റിൽ യോഗം ചേർന്നു. കേന്ദ്ര ഗതാഗത മന്ത്രാലയം ആവിഷ്കരിച്ച റാഹത് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു യോഗം.
അപകടത്തിൽപ്പെടുന്നവർക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനും സാമ്പത്തിക പ്രതിസന്ധി കാരണം ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നത് തടയാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം അപകടത്തിൽപ്പെടുന്ന ഒരാൾക്ക് പരമാവധി ഏഴു ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെയുള്ള സൗജന്യ അടിയന്തര ചികിത്സ ലഭ്യമാക്കും. ജില്ലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
നിലവിൽ എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പുറമെ ട്രോമ കെയർ സൗകര്യങ്ങളുള്ള കൂടുതൽ സ്വകാര്യ ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കാൻ യോഗത്തിൽ തീരുമാനമായി. അപകടം നടന്ന് 24 മുതൽ 48 വരെ മണിക്കൂറിനുള്ളിൽ പൊലിസ് വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന രീതിയിൽ പൂർണമായും ഓൺലൈൻ പോർട്ടലുകൾ വഴിയാണ് റാഹത് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. യോഗത്തിൽ സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, എഡിഎം എ. നിസ തുടങ്ങിയവർ പങ്കെടുത്തു.
Tags : District News Nattuvishesham Emergency treatment accident