ബസിൽ നിന്ന് വീണ ഓയിൽ റോഡിൽ പടർന്ന നിലയിൽ
നെടുമങ്ങാട് : കെഎസ്ആർടിസി ബസിൽ നിന്നും പതിവായി ഓയിൽ ചോർന്ന് വീണ് വേങ്കവിള-മൂഴി റോഡ് അപകട ഭീഷണിയിൽ. പരാതികൾ വ്യാപകമായിട്ടും അധികൃതർ അനങ്ങാപ്പാറ നയത്തിൽ. നെടുമങ്ങാട്-വേങ്കവിള-മൂഴി റൂട്ടിൽ രാവിലെ സർവീസ് നടത്തുന്ന കെഎസ്ആർടിസി സർവീസിൽ നിന്നാണ് വലിയതോതിൽ ഓയിൽ ചോരുന്നത്.ചോർന്നൊലിക്കുന്ന ഓയിൽ പതിവായി റോഡിൽ വീണ് മറ്റു വാഹനങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്.
ഓയിൽച്ചേർച്ച ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അന്നുതന്നെ നെടുമങ്ങാട് ഡിപ്പോ അധികൃതരെ വിവരം അറിയിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.ഇതിനു ശേഷവും ഓയിൽ ലീക്കുള്ള വാഹനം തന്നെയാണ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്.രണ്ട് ദിവസം മുമ്പ് മരുതുംകോണം വളവിൽ രണ്ട് ബൈക്കുകൾ ഓയിലിൽ വഴുക്കി തെന്നിവീണു.ഒരു ബൈക്കിലുണ്ടായിരുന്ന മൂഴി സ്വദേശികളായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് നാട്ടുകാർ ഡിപ്പോയിൽ നേരിട്ടെത്തി പരാതി നൽകി. തുടർന്ന് എംഎൽഎയെ വിവരം അറിയിച്ചു. അതേ വാഹനം തന്നെയാണ് കഴിഞ്ഞ രണ്ടൂ ദിവസവും സർവീസ് നടത്തിയത്. അഗ്നിരക്ഷാസേന കഴിഞ്ഞ ദിവസം ഓയിൽ വീണ ഇടങ്ങളിൽ മരപ്പൊടി വിതറിയെങ്കിലും വേണ്ടത്ര ഫലമുണ്ടായില്ല.
Tags : District News Nattuvishesham Oil is leaking KSRTC bus