16 വർഷം മുമ്പ് നിർമിച്ചെങ്കിലും യാത്രക്കാർക്ക് പൂർണമായി പ്രയോജനപ്പെടാതെകിടക്കുന്ന ഏനാത്ത് ബസ് ബേ.
അടൂർ: എംസി റോഡരികിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഏനാത്ത് ബസ് ബേ 16 വർഷം പിന്നിട്ടിട്ടും യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. ബസ് ബേ പൂർണമായും പ്രവർത്തനസജ്ജമാക്കി കെഎസ്ആർടിസി ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും സ്വകാര്യ ബസുകളുടെ സർവീസ് ഇവിടെനിന്ന് ആരംഭിക്കുന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
2010ൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെയാണ് ഏനാത്ത് ബസ് ബേ നിർമിച്ചത്. ജില്ലാ പഞ്ചായത്തംഗമായിരുന്ന പഴകുളം മധുവിന്റെ വികസന ഫണ്ട് വിനിയോഗിച്ചാണ് വിശ്രമകേന്ദ്രം, ശൗചാലയം, കച്ചവട സ്റ്റാളുകൾ എന്നിവ ഉൾപ്പെടുത്തി സമുച്ചയം നിർമിച്ചത്. പിന്നീട് ഇത് ഏഴംകുളം ഗ്രാമപഞ്ചായത്തിന് കൈമാറി.
എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ബസ് ബേ എന്ന നിലയിൽ പദ്ധതി പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രവും കുടുംബശ്രീയുടെ ജനകീയ ഹോട്ടലും ചായക്കടയും ബസ്ബേയോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ കെഎസ്ആർടിസി ബസുകൾക്ക് ഇതേവരെ ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ചില സ്വകാര്യ ബസുകൾ പാർക്കിംഗിന് ബസ് ബേ ഉപയോഗിക്കുന്നുണ്ടെങ്കിലും ഏനാത്തിൽനിന്ന് സർവീസ് ആരംഭിക്കുന്ന മിക്ക സ്വകാര്യ ബസുകളും ഇപ്പോഴും റോഡരികിലാണ് യാത്രക്കാരെ കയറ്റിറക്കുന്നത്.
ബസ് ബേ പ്രവർത്തനസജ്ജമാക്കിയാൽ എല്ലാ ബസുകളും ഇവിടെനിന്ന് സർവീസ് ആരംഭിക്കുന്ന തരത്തിൽ ക്രമീകരിക്കാനാകുമെന്നും ഇതിലൂടെ യാത്രക്കാർക്കും ഗതാഗതത്തിനും വലിയ സൗകര്യമുണ്ടാകുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളുടെ പഴക്കമെത്തിയ കെട്ടിടത്തിന് അടിയന്തര നവീകരണവും ആവശ്യമാണെന്നാണ് വിലയിരുത്തൽ.
പ്രതിഷേധയോഗം
ഏനാത്ത് ചന്തയും ബസ് ബേയും പൊതുജനങ്ങൾക്കായി പൂർണമായും തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏനാത്ത് ജംഗ്ഷനിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് അനിൽ ഏനാത്ത് അധ്യക്ഷത വഹിച്ചു. അടൂർ നഗരസഭാ കൗൺസിലർ രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അരുൺ താന്നിക്കൽ മുഖ്യപ്രഭാഷണം നടത്തി.