എറണാകുളം ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ ചികിത്സയ്ക്കു ശേഷം ശിശുക്ഷേമസമിതിക്കു കൈമാറുന്നതിനു മുമ
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ, ജില്ലാ ശിശുക്ഷേമ സമിതിയും (സിഡബ്ല്യുസി) ശിശുസംരക്ഷണ യൂണിറ്റും (ഡിസിപിയു) ചേർന്ന് ഏറ്റെടുത്തു. വിദഗ്ധ ചികിത്സയ്ക്കുശേഷം ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് പെൺകുഞ്ഞിനെ ഏറ്റെടുത്തത്.
ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, കുഞ്ഞിനെ കൂടുതൽ പരിചരണത്തിനായി നവജാതശിശുക്കളുടെ പ്രത്യേക കേന്ദ്രമായ സ്പെഷൽ അഡോപ്ഷൻ ഏജൻസിയിലേക്ക് മാറ്റിയതായി ശിശുക്ഷേമ സമിതി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു അറിയിച്ചു.
കഴിഞ്ഞ 14ന് അർധരാത്രിയിലാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ സുരക്ഷിതമായി കിടത്തിയ അജ്ഞാതൻ, വിവരം ആശുപത്രിയിലേക്കു ഫോണിൽ വിളിച്ചറിയിച്ചത്.
ഉടൻ സ്ഥലത്തെത്തിയ ആശുപത്രി അധികൃതർ കുഞ്ഞിനെ സുരക്ഷിതമായി ശിശുപരിചരണ വിഭാഗത്തിലേക്കു മാറ്റി. ആവശ്യമായ വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കിയിരുന്നു.
ജനറൽ ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ബി. സെൻസി, നവജാത ശിശുരോഗ വിഭാഗം ഡോക്ടർമാർ എന്നിവരിൽ നിന്നാണ് കുഞ്ഞിനെ അധികൃതർ സർക്കാരിനുവേണ്ടി ഏറ്റുവാങ്ങിയത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി , എം. സന്ധ്യ ,വി. കെ. ജിൻസിമോൾ കുരിയൻ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഡോ. ജയന്തി പി. നായർ, ചൈൽഡ് ലൈൻ സൂപ്പർവൈസർ ദീപക് എന്നിവരും പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam