നിര്‍മാണം പൂര്‍ത്തിയായ നെടുവത്തൂര്‍ പഞ്ചായത്തിലെ പണയില്‍ -പാറമുക്ക് റോഡ്.
കൊട്ടാരക്കര: നെടുവത്തൂര്‍ പഞ്ചായത്തിലെ പണയില്‍- പാറയില്‍മുക്ക് റോഡിലെ ദുരിതമൊഴിഞ്ഞു, ടാറിംഗ് പൂര്‍ത്തിയായി. കൊഴുവന്‍പാറ മുതല്‍ ആലിന്‍കുന്നിന്‍പുറം, പാറയില്‍മുക്ക് വരെ ഏറെക്കാലമായി നിലനിന്ന യാത്രാദുരിതത്തിനാണ് പരിഹാരമായത്.
കെ.എന്‍. ബാലഗോപാല്‍ മന്ത്രിയായിരിക്കെ അനുവദിച്ച 3.5 കോടി അനുവദിച്ചാണ് റോഡ് നവീകരിച്ചത്. 2025 ജനുവരിയില്‍ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും നിര്‍മാണ ജോലികള്‍ ഇഴഞ്ഞു. വലിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ടാറിംഗ് ജോലികള്‍ ആരംഭിച്ചെങ്കിലും പണയില്‍ ജംഗ്ഷന് മുതല്‍ കൊഴുവന്‍പാറ ഭാഗംവരെയാണ് പൂര്‍ത്തിയാക്കിയത്. അവിടെനിന്നു പാറയില്‍മുക്ക് വരെയുള്ള ഭാഗം തീര്‍ത്തും ഉപേക്ഷിച്ച നിലയിലായിരുന്നു.
കുണ്ടും കുഴിയുമായ റോഡില്‍ക്കൂടി യാത്ര ചെയ്യാന്‍ നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടി. വീണ്ടും പ്രതിഷേധങ്ങളുണ്ടായെങ്കിലും ഇപ്പോഴാണ് പരിഹാരമായത് റോഡിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ്, പഴയ ടാര്‍ മിക്സിംഗ് ഇട്ട് ഉറപ്പിക്കല്‍ ജോലികള്‍ എന്നീ ജോലികള്‍ തുടങ്ങിയിട്ടുണ്ട്. ഉപറോഡുകള്‍ തുടങ്ങുന്നിടത്താണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. അതുകൂടി തീര്‍ന്നാല്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം ഉദ്ഘാടനം ചെയ്യാനാകും. നെടുവത്തൂര്‍ പഞ്ചായത്തിലെ കോട്ടാത്തല, പുല്ലാമല, തേവലപ്പുറം വാര്‍ഡുകളിലൂടെ കടന്നുപോകുന്ന മൂന്നര കിലോമീറ്റര്‍ നീളമുള്ള റോഡാണിത്.
കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു പണയില്‍, കുറവന്‍ചിറ, ആലിന്‍കുന്നിന്‍പുറം, പാറയില്‍മുക്ക്, പുത്തൂര്‍ റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചീരങ്കാവിലേക്കും ബസ് സര്‍വീസ് തുടങ്ങാവുന്നതാണ്.