പ്രതീകാത്മക ചിത്രം
കൊച്ചി: അമിതഭാരം കയറ്റിയും അനുവദനീയമായതിലും കൂടുതല്‍ ഉയരത്തില്‍ ചരക്ക് കൊണ്ടുപോയും സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ എറണാകുളം ആർടിഒ എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിഴ ഈടാക്കിയത് 5.27 ലക്ഷം രൂപ.
ആകെ 198 വാഹനങ്ങള്‍ പരിശോധിച്ചു. അനുവദനീയമായതിലും അധികം ഭാരം കയറ്റിയ ആറു വാഹനങ്ങള്‍ കണ്ടെത്തി. നിയമലംഘനങ്ങള്‍ നടത്തിയ 57 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആകെ 161 ഇ ചലാനുകള്‍ നല്കി.
ഡ്രൈവിംഗ് ലൈസന്‍സ്, വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, നികുതി എന്നിവ ഇല്ലാതെ സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ ബോഡിയില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതും പരിശോധനയില്‍ കണ്ടെത്തി.
പെരുമ്പാവൂര്‍, പേഴയ്ക്കാപ്പിള്ളി, കളമശേരി, മൂവാറ്റുപുഴ, ഇടപ്പള്ളി തുടങ്ങിയ പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. റോഡപകടങ്ങള്‍ക്കും ഗതാഗത തടസങ്ങള്‍ക്കും കാരണമാകാനിടയുള്ള നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
Tags : RTO Enforcement ollected 5.27 lakh nattuvishesham localnews