പ്രതീകാത്മക ചിത്രം
കരുവാരക്കുണ്ട്: പതിറ്റാണ്ടുകളായി മണ്ണില്‍ പണിയെടുത്ത് പൊന്ന് വിളയിക്കുന്ന മലയോര കര്‍ഷകരുടെ കൃഷിഭൂമി നഷ്ടപ്പെടാനും നിര്‍ബന്ധിത കുടിയിറക്കലിനും കാരണമായേക്കാവുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ വിജ്ഞാപന വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
കര്‍ഷക ജനതയെ കേവലം വോട്ട് ബാങ്കായി കാണരുതെന്നും അവരുടെ പ്രശ്നങ്ങളോടുള്ള നിസംഗത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുമെന്നും മലയോര കര്‍ഷകര്‍ പറയുന്നു. വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കരുതല്‍മേഖല വേണമെന്ന സുപ്രീംകോടതി വിധി വന്നതോടെയാണ് മലയോര ജനതയുടെ ആശങ്ക വര്‍ധിച്ചത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നിലും കര്‍ഷകരെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് കപട പരിസ്ഥിതിവാദികളും ചില രാഷ്ട്രീയ നേതാക്കളും ശ്രമിച്ചതെന്നാണ് ആരോപണം.
ജില്ലയില്‍ നിലമ്പൂര്‍ താലൂക്കിലെ കരുവാരക്കുണ്ട്, കേരള എസ്റ്റേറ്റ്, കാളികാവ്, ചോക്കാട് തുടങ്ങിയ വില്ലേജുകള്‍ പൂര്‍ണമായും കരുതല്‍ മേഖലയില്പ്പെടുത്താനാണ് നീക്കം. കരിമ്പുഴ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന അമരമ്പലം, വഴിക്കടവ്, കരുളായി പഞ്ചായത്തുകളും കരുതല്‍ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവ പൂര്‍ണമായും ജനവാസ കേന്ദ്രങ്ങളാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മുന്‍പ് ഉള്‍പ്പെട്ട 10 വില്ലേജുകള്‍ ജില്ലയിലുണ്ട്. തലമുറകളായി വന്യമൃഗങ്ങളോടും പ്രകൃതിദുരന്തങ്ങളോടും പൊരുതി ഉപജീവനം നടത്തുന്ന കുടിയേറ്റക്കാര്‍ക്കാണ് പ്രതിസന്ധി.
സര്‍ക്കാര്‍ മുന്‍പ് പ്രസിദ്ധീകരിച്ച ഉപഗ്രഹ ചിത്രങ്ങള്‍ പോലും കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ കരുതിക്കൂട്ടി തയാറാക്കിയതാണെന്ന് ആരോപണമുണ്ട്. ഇടുക്കി ഡാം ഉള്‍പ്പെടെ നൂറുകണക്കിന് ഡാമുകളും വന്‍കിട പാറമടകളും സ്ഥിതി ചെയ്യുന്ന പരിസ്ഥിതിലോല മേഖലകള്ക്കെതിരേ കണ്ണടയ്ക്കുന്ന പരിസ്ഥിതിവാദികള്‍ കര്‍ഷകരെ മാത്രം ലക്ഷ്യമിടുകയാണെന്നാണ് ആരോപണം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂര്‍ണമായും ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കിയുള്ള പുതിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നാണ് ആവശ്യം.
വനഭൂമി മാത്രം ഉള്‍പ്പെടുത്തി നേരത്തേ നല്കിയ റിപ്പോര്‍ട്ടിലെ ഭൂരേഖകളില് കൃത്രിമം കാണിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേപം. ജനവാസ മേഖലയും കൃഷിഭൂമിയും സംരക്ഷിച്ച് വ്യക്തതയുള്ള മാപ്പ് തയാറാക്കി കേന്ദ്രത്തന് നല്കാന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. നാടിനെ കാടാക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് മലയോര കര്‍ഷകരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews