ഏറ്റുമാനൂർ ചിറക്കുളം
ഏറ്റുമാനൂർ: വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് ഏറ്റുമാനൂർ ചിറക്കുളം നവീകരണത്തിനു നടപടികളായി. ചിറക്കുളവും പരിസരവും നവീകരിക്കുന്നതിന് 1.15 കോടി രൂപയുടെ പ്രോജക്ട് അന്തിമ ഘട്ടത്തിലാണ്.
ചിറക്കുളം നവീകരണത്തിന് രൂപരേഖ തയ്യാറാക്കുന്നതിനുള്ള പ്രോജക്ടിന് ഡിപിസി അംഗീകാരം ലഭിച്ചതായി നഗരസഭാ ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടം അറിയിച്ചു. ചിറക്കുളത്തിന് ചുറ്റുവട്ടത്തിൽ പാർക്ക് നിർമിച്ച് പൊതുജനങ്ങൾക്ക് ഉല്ലാസത്തിന് സൗകര്യമേർപ്പെടുത്തും. ചിറക്കുളത്തിൽ പെഡസ്ട്രൽ ബോട്ട് ക്രമീകരിക്കും. ചിറക്കുളത്തോടു ചേർന്ന് ഓപ്പൺ ജിം സജ്ജീകരിക്കും.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചിറക്കുളത്തിലാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവും ആർപ്പൂക്കര ക്ഷേത്രവും ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളുടെ ആറാട്ട് നടന്നിരുന്നത്. ടൗണിന്റെ ഹൃദയഭാഗത്ത് ആമ്പലും താമരയുമൊക്കെ വിരിഞ്ഞു നിന്നിരുന്ന മനോഹരമായ കുളം കാലക്രമത്തിൽ സംരക്ഷിക്കാൻ ആളില്ലാതെ നശിക്കുകയായിരുന്നു.
ജോസ്മോൻ മുണ്ടക്കൽ ജില്ലാ പഞ്ചായത്ത് മെംബർ ആയിരിക്കെ 2013ൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ മുടക്കി ചിറക്കുളം നവീകരിച്ചു. ചിറക്കുളത്തിൽ കുമിഞ്ഞു കൂടിയിരുന്ന ടൺ കണക്കിന് മാലിന്യം നീക്കം ചെയ്തു.
കുളത്തിന്റെ ആഴം കൂട്ടി സംരക്ഷണ ഭിത്തി കെട്ടി. ഭിത്തിയുടെ മുകളിൽ ചുറ്റിനും കോൺക്രീറ്റ് ആർട്ട് വർക്ക് നടത്തി മനോഹരമാക്കി. എന്നാൽ പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല.ഒരു പതിറ്റാണ്ടിലേറെ നീണ്ട ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരം ഉണ്ടാകുന്നത്.
നഗരംസുന്ദരമാകും
നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സൗന്ദര്യവത്കരണത്തിനും നടപടികളായി. ടൗണിലെ അശാസ്ത്രീയമായ ഡിവൈഡറുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രൊജക്ട് അന്തിമഘട്ടത്തിലാണ്. പാറക്കണ്ടത്ത് പ്രവർത്തനരഹിതമായ സിഗ്നൽ ലൈറ്റ് നന്നാക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലാണ്. ടൗണിലെ കേടായ നിരീക്ഷണ കാമറകൾ നന്നാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. പൊലിസിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതികൾ യാഥാർഥ്യമാകുന്നത്.
Tags : Nattuvishesham DistrictNews DeepikaNews