ഒടുവള്ളി: ഏറെ നാളത്തെ മുറവിളികൾക്ക് ശേഷം ഒടുവള്ളി സിഎച്ച്സിയിൽ സായാഹ്ന ഒപിയിൽ ഡോക്ടറെ നിയമിച്ചു. ഡോ. ജിബു ഇടമനയ്ക്കാണ് ചുമതല. ഡോക്ടറെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
പകർച്ചപ്പനി ഉൾപ്പെടെ വ്യാപകമായ സാഹചര്യത്തിൽ മലയോരമേഖലയിലുള്ള നടുവിൽ, ചപ്പാരപ്പടവ്, ഉദയഗിരി, ആലക്കോട് പഞ്ചായത്തിലുള്ളവർക്ക് ഡോക്ടറുടെ സേവനം വൈകുന്നേരങ്ങളിലും ലഭിക്കുന്നത് വലിയ നേട്ടമാകും.
ഉച്ചകഴിഞ്ഞ് ഇവിടെ ഡോക്ടറുടെ സേവനം കുറേ കാലങ്ങളായി ലഭ്യമല്ലാത്തതിനാൽ പ്രദേശവാസി കൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് തളിപ്പറമ്പിൽ പോകേണ്ട അവസ്ഥയായിരുന്നു. ഇന്നു മുതൽ വൈകുന്നേരം ആറു വരെയാണ് ഡോക്ടറുടെ സേവനം ലഭിക്കുക. ഡോക്ടറുടെ സേവനം രാത്രിയിൽ കൂടി ലഭ്യമാക്കാനുള്ള പ്രവർത്തനവുമായി മുന്നോട്ടു പോവുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി പറഞ്ഞു.