പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ലഹരി മാഫിയയെ തളയ്ക്കാൻ എക്സൈസ് സംഘവും രംഗത്ത്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ പ്രവർത്തനം മയക്കുമരുന്നിനെതിരേ മാത്രമാക്കിക്കൊണ്ടാണ് എക്സൈസ് രംഗത്തെത്തിയിരിക്കുന്നത്. ഓപ്പറേഷൻ തൂഫാനിലൂടെ പൊലിസ് സമാനതകളില്ലാത്ത തരത്തിൽ ലഹരി കേസുകൾ പിടികൂടുന്നതിനു പിന്നാലെയാണ് എക്സൈസും രംഗത്തെത്തുന്നത്.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വൻകിട മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചാകും അന്വേഷണം. നർക്കോട്ടിക് സംബന്ധമായ കേസുകൾ മാത്രമാണ് ഇനി മുതൽ എൻസിബി ഏറ്റെടുക്കേണ്ടതെന്ന് എക്സൈസ് കമ്മിഷണർ ഉത്തരവിറക്കി.
എക്സൈസിലെ സമർഥരായ ഉദ്യോഗസ്ഥരെ നർക്കോട്ടിക് ബ്യൂറോയിൽ നിയമിക്കും. പ്രത്യേക തസ്തികകൾ സൃഷ്ടിക്കില്ല. ജില്ലകളിൽ വലിയ അളവിലുള്ള ലഹരിക്കടത്ത്, എൻഫോഴ്സ്മെന്റ് സംവിധാനം, ഇന്റലിജൻസ് തുടങ്ങിയവയാണ് നർക്കോട്ടിക് ബ്യൂറോയുടെ പരിധിയിൽ വരുന്നത്.
ഒരു ജില്ലയിൽ കേസെടുത്താൽ കണ്ണികൾ തേടി ഇന്ത്യയിൽ എല്ലായിടത്തും അന്വേഷണം നടത്താനുള്ള അധികാരം എൻസിബിക്കുണ്ട്. എൻസിബി ടീം ആദ്യ ബാച്ചിന്റെ പരിശീലനം തൃശൂർ എക്സൈസ് അക്കാദമിയിൽ പൂർത്തിയായി. അന്വേഷണ സംഘത്തിന് പ്രത്യേകം യൂണിഫോമും ഓവർക്കോട്ടുമുണ്ടാകും.
ജില്ലകളിലെ സ്റ്റേറ്റ് എക്സൈസ് സ്ക്വാഡ് യൂണിറ്റുകളാണ് എൻസിബികളായി മാറുന്നത്. കമ്മിഷണറുടെ മേൽനോട്ടത്തിൽ ജോയിന്റ് എക്സ് സൈസ് കമ്മിഷണറാണ് എൻസിബി മേധാവി. സൈബർ ഡേറ്റാ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് എന്നീ വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിലൂടെ ലഹരിക്കടത്ത് സംഘങ്ങളെ വലയിലാക്കാനാണ് നിർദേശം.
390 എക്സൈസ് ഉദ്യോഗസ്ഥരെ എൻസിബിയിലേക്ക് പുനർവിന്യസിക്കും. കള്ളുഷാപ്പുകൾ, ബാറുകൾ എന്നിവിടങ്ങളിൽ എൻസിബി ഉദ്യോഗസ്ഥർ പരിശോധന നടത്തേണ്ടതില്ലെന്നും നിർദേശമുണ്ട്. നേരത്തേ എൻസിബി ഉദ്യോഗസ്ഥർ നടത്തിയ ഇത്തരം പരിശോധനകൾ വിവാദമായിരുന്നു.