പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ മരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ സ്വന്തം നാട്ടിലെത്തിക്കുന്നതിന്റെ പേരിൽ വൻതുക ഈടാക്കി സാമ്പത്തിക ചൂഷണം നടത്തുന്നതായി ആരോപണം.
വടക്കേ ഇന്ത്യയിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും മൃതദേഹങ്ങൾ എത്തിക്കാൻ 85,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് ചിലർ പാക്കേജ് നിരക്കായി ഈടാക്കുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ബന്ധുക്കളെയും തൊഴിലുടമകളെയും ലക്ഷ്യമിട്ടാണ് ഇത്തരം ഇടപാടുകൾ നടക്കുന്നതെന്നാണ് ആരോപണം.
മൃതദേഹം എംബാം ചെയ്യുന്നത് മുതൽ നാട്ടിലെ വീട്ടിലെത്തിക്കുന്നത് വരെയുള്ള കാര്യങ്ങൾ ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ ബന്ധപ്പെടുന്നത്.ആശുപത്രിയിലെ ഡെത്ത് ബുക്കിൽനിന്ന് മരിച്ചവരുടെ ബന്ധുക്കളുടെയോ തൊഴിലുടമകളുടെയോ ഫോൺ നമ്പറുകൾ ശേഖരിച്ചാണ് ചില ഏജന്റുമാർ ബന്ധപ്പെടുന്നതെന്നാണ് ആരോപണം.
ബംഗളൂരു വരെ ആംബുലൻസിലും അവിടെനിന്ന് ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വിമാനമാർഗവും മൃതദേഹം എത്തിക്കുന്ന രീതിയിലാണ് ഇടപാടുകൾ. യഥാർഥ ചെലവുകൾക്കു പുറമെ കിലോമീറ്റർ നിരക്കിലും മറ്റ് സേവനച്ചെലവുകളിലും വലിയ തുക ഈടാക്കുന്നതായും ആരോപണമുണ്ട്.
മെഡിക്കൽ കോളജ് പരിസരത്തെ ആംബുലൻസ് സ്റ്റാൻഡുകളിൽ സാധാരണയായി കിലോമീറ്ററിന് 30 മുതൽ 35 രൂപ വരെയാണ് ഈടാക്കുന്നത്. സന്നദ്ധസംഘടനകളുടെ ആംബുലൻസ് സേവനങ്ങൾക്ക് ഇതിലും കുറഞ്ഞ നിരക്കുകളുമുണ്ട്. ചിലരുടെ ഇത്തരം പ്രവർത്തനങ്ങൾ ആത്മാർത്ഥമായി സേവനം ചെയ്യുന്ന ആംബുലൻസ് ഡ്രൈവർമാർക്കും സന്നദ്ധപ്രവർത്തകർക്കും ചീത്തപ്പേരുണ്ടാക്കുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്.
Tags :