പുളിങ്ങോം-പാലാവയല് പാലം വെള്ളത്തിനടിയിരായപ്പോള്.
കാസർഗോഡ്: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ അതിതീവ്ര മഴ (റെഡ് അലർട്ട്) പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ മേഖലകളിലും വിപുലമായ ജാഗ്രതാ നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം.
റാണിപുരം ഉൾപ്പെടെയുള്ള ഹിൽ സ്റ്റേഷനുകളിലും വെള്ളച്ചാട്ടവും ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിൽ . മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും പോലീസ്, തദ്ദേശ സ്വയംഭരണ, ടൂറിസം വകുപ്പുകൾക്ക് നിർദേശം നൽകി. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം പൂർണമായും നിരോധിച്ചു.
മുന്നറിയിപ്പുകൾ പിൻവലിക്കുന്നതു വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുന്നതിന് നിർദേശം നൽകി. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളോടും പോലീസ്, അഗ്നിരക്ഷാസേന വിഭാഗങ്ങളോടും ഏകോപിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകി. ദേശീയപാത നിർമാണ മേഖലകളിൽ മണ്ണിടിച്ചിലും ഗതാഗത തടസവും തടയാൻ ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിർദേശം നൽകി.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. വിവിധ തീരങ്ങളില്‍ കടലേറ്റം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കളക്ടറേറ്റിലും വിവിധ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സൗജന്യ ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പർ: 1077. ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം: 04994 257700,
9446601700. താലൂക്ക് തല കൺട്രോൾ റൂമുകൾ - കാസർഗോഡ്: 04994 230021, 9188944318. ഹൊസ്ദുർഗ്: 0467 2204042, 95624 24586.
മഞ്ചേശ്വരം: 04998 244044, 9747618464. വെള്ളരിക്കുണ്ട്: 0467 2242320, 9249028653.
പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ കൺട്രോൾ റൂം: 04994 255782. അഗ്നിരക്ഷാസേന കാസർഗോഡ്: 04994 230101, 101. പോലീസ്: 9497928721, 112. കെഎസ്ഇബി: 9496011431, 1912.
പുഴകളിൽ ജലനിരപ്പ് ഉയരുന്നു
കാഞ്ഞങ്ങാട്: ഇന്നലെ രാവിലെ മുതൽ ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കർണാടക വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതാണ് ഇതിനു കാരണമെന്നാണ് സൂചന.
കാര്യങ്കോട് പുഴയിൽ വെള്ളം ഉയർന്നതോടെ നീലേശ്വരം, ചെറുവത്തൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടങ്ങളിലും റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ തുടങ്ങി. ഇനിയും വെള്ളം ഉയരുകയാണെങ്കിൽ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും ഒരുക്കങ്ങളായിട്ടുണ്ട്.
നാളെ അവധി
കാസർഗോഡ്: ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് മദ്രസകൾ ഉൾപ്പടെയുള്ള മതപഠന കേന്ദ്രങ്ങൾക്കും ട്യൂഷൻ സ്ഥാപനങ്ങൾക്കും ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.