കാട്ടാന നശിപ്പിച്ച കൃഷിയിടം.
സുൽത്താൻ ബത്തേരി: കാട്ടാനശല്യം കാരണം വീടിനു പുറത്തിറങ്ങാനാകാതെ നൂൽപ്പുഴ മാറോട്ടെ കർഷകർ. ഒന്നരകൊന്പനും ഒപ്പമുള്ള മോഴയാനയുമാണ് മാറോടുകാരുടെ ഉറക്കം കെടുത്തുന്നത്.
സന്ധ്യമയങ്ങുന്നതോടെ കാടിറങ്ങുന്ന കാട്ടാനകൾ വീടിന് സമീപവും പ്രദേശത്തെ റോഡിലുമായി നിലയുറപ്പിക്കുകയാണ്. ഗ്രാമത്തിൽ നിന്ന് പുറത്ത് ജോലിക്ക് പോകുന്നവർ ഇരുട്ടുന്നതിന് മുന്‍പ് വീട്ടിലെത്തിയില്ലെങ്കിൽ ആനയുടെ മുന്നിലകപ്പെടുമെന്ന ഭയത്തോടെയാണ് സഞ്ചാരം. നേരം പുലർന്ന ശേഷമാണ് കാട്ടാനകൾ വനത്തിലേക്ക് തിരികെ പോകുന്നത്.
ഇതു കാരണം ക്ഷീരകർഷകരും പ്രതിസന്ധിയിലാണ്. അതിരാവിലെ എഴുന്നേറ്റ് പശുക്കളെ കറന്ന് പാൽ സൊസൈറ്റികളിൽ എത്താൻ സാധിക്കുന്നില്ല. പ്രദേശവാസിയായ ഗോപിയുടെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനകളെത്തി ഭീതിപരത്തുന്നത്. വൈകുന്നേരം ഏഴാകുന്പോഴേക്കും എത്തുന്ന കാട്ടാനകൾ നേരം പുലരുംവരെ വീട്ടുമുറ്റത്തും പരിസരത്തുമായി നിലയുറപ്പിക്കുകയാണ്. ഇതുകാരണം ജീവിനോപാധിയായ പശുവിനെ വരെ ഇദ്ദേഹത്തിന് വിൽക്കേണ്ടി വന്നു.
കൊന്പൻ വീടിനുമുന്നിലും മോഴയാന വീടിന് പുറകിലുമായാണ് കഴിഞ്ഞദിവസം നിലയുറപ്പിച്ചത്. ഇതുകാരണം വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും ശബ്ദമുണ്ടാക്കാതെ ശ്വാസം അടക്കിപിടിച്ചാണ് മണിക്കൂറുകളോളം കഴിച്ചുകൂട്ടിയതെന്നും ഗോപി പറഞ്ഞു.
സമീപത്തെ വനാതിർത്തിയിൽ വനം വകുപ്പ് തീർത്ത ഫെൻസിംഗ് തകർന്നുകിടക്കുകയാണ്. പ്രതിരോധ സംവിധാനം മറികടന്നാണ് വീടുകൾക്ക് സമീപം കാട്ടാനയെത്തുന്നത്.
പ്രദേശത്ത് ശക്തമായ പ്രതിരോധം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കു ന്നില്ലെന്നാണ് ആരോപണം.
രണ്ട് വർഷം മുന്‍പ് പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായപ്പോൾ എംഎൽഎ സ്ഥലം സന്ദർശിച്ച് പ്രഖ്യാപിച്ച തൂക്ക് ഫെൻസിംഗ് ഇതുവരെ നടപ്പായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ച് നടത്താനൊരുങ്ങുകയാണ് പ്രദേശവാസികൾ.
മാടപ്പള്ളിക്കുന്ന്, കന്നാരംപുഴ പ്രദേശങ്ങളിൽ കാട്ടാനശല്യം
പുൽപ്പള്ളി: കേരള, കർണാടക വനാതിർത്തിയായ കന്നാരംപുഴ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി. ബന്ദിപ്പുര കടുവ സങ്കേതത്തിലെ ഗുണ്ടറ വനപ്രദേശത്തു നിന്നിറങ്ങുന്ന കാട്ടാനകളാണ് ജനവാസ മേഖലയ്ക്കു ഭീഷണിയായിരിക്കുന്നത്. വനാതിർത്തിയിലെ കന്നാരംപുഴയോടു ചേർന്ന് നൂറുകണക്കിനു കുടുംബങ്ങളും നിരവധി ഉന്നതികളുമുണ്ട്.
വനാതിർത്തിയിലെ തൂക്കുവേലി തകർത്താണ് ആന നാട്ടിലെത്തി കൃഷികൾ നശിപ്പിക്കുന്നത്. തൂക്കുവേലിയിലേക്ക് മരങ്ങൾ തള്ളിയിട്ടാണ് വേലി തകർക്കുന്നത്. മാടപ്പള്ളി ഉന്നതിയിലൂടെയാണ് ആന കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ കാട്ടാനകൾ മുദ്ദള്ളിതോട്ടിലൂടെയാണ് ശശിമല പാടത്തിറങ്ങിയത്. വടക്കെക്കുടിയിൽ ഫ്രാൻസിസ്, ഐക്കര സുനിൽ എന്നിവരുടെ കപ്പ, വാഴ, ചേന എന്നീ കൃഷികളാണ് നശിപ്പിച്ചത്.
ഫ്രാൻസിസിന്റെ സ്ഥലത്തിനരികിലെ വേലികളും നശിപ്പിച്ചു. പുലർച്ചെ നടക്കാനിറങ്ങുന്നവരും ജോലിക്കു പോകുന്നവരുമെല്ലാം ആശങ്കയിലാണ്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കാട്ടിക്കുളത്തെ കാട്ടാന അക്രമണം : അധികൃതരുടെ അനാസ്ഥ അന്വേഷിക്കണമെന്ന്
കൽപ്പറ്റ: കാട്ടിക്കുളം സ്വദേശിയായ വയോധികൻ കാട്ടാന ആക്രമണത്തിൽ മരിക്കാനിടയായത് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കൃത്യവിലോപം കാരണമാണെന്ന പരാതിയിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ജില്ലാ കളക്ടറും നോർത്ത് വയനാട് ഡിഎഫ്ഒയും പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. റാപ്പിഡ് റെസ്പോണ്‍സ് ടീം സമയബന്ധിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു.
കാട്ടാന ജനവാസ മേഖലയിൽ തന്പടിച്ചിട്ടും അധികൃതർ നിസംഗത പാലിച്ചതായി പരാതിയിൽ പറയുന്നു. ശാസ്ത്രീയമായ മാർഗത്തിലുടെ മാത്രമേ വന്യമൃഗ ആക്രമണം ലഘൂകരിക്കാൻ കഴിയുകയുള്ളൂവെന്നും പരാതിയിൽ പറയുന്നു.
ബത്തേരി മുനിസിപ്പൽ ടൗണ്‍ ഹാളിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
Tags : Local News Nattuvishesham Wayanad