തിരുവനന്തപുരം: തലസ്ഥാനത്തെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ സാന്നിധ്യം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ വി.വി രാജേഷ്. പശ്ചിമ ബംഗാളിൽ ഭരണ മാറ്റം വന്നതോടെ ബംഗ്ലാദേശികളായ നിരവധി കുടിയേറ്റക്കാർ ഇവിടെ നിന്ന് പോയെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടെ മറവിൽ ചിലർ തലസ്ഥാനത്ത് തങ്ങുന്നുണ്ട്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതമായി മേയർ പത്രസമ്മേളനത്തിൽ അറിയിച്ചു.
നുഴഞ്ഞുകയറ്റക്കാർ നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്.
ഇക്കാര്യത്തിൽ വിവരങ്ങൾ ശേഖരിക്കാൻ തൊഴിലാളികളെ നൽകുന്ന ലേബർ കോണ്‍ട്രാക്ടർമാരുടെയും കരാറുകാരുടെയും യോഗം അടിയന്തരമായി വിളിക്കും. യോഗത്തിൽ ഇതര സംസ്ഥാനത്ത് നിന്നും ഇവിടെ എത്തി ജോലി ചെയ്യുന്നവർ സൂക്ഷിക്കേണ്ട രേഖകൾ പരിശോധിക്കും.
ലേബർ ക്യാന്പുകളിലും ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലും കോർപറേഷൻ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടത്തും. ഇക്കാര്യത്തിൽ കോർപറേഷന് സ്വീകരിക്കാൻ കഴിയുന്ന നടപടികൾ സ്വീകരിക്കും. അല്ലാത്തവ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഇതര സംസ്ഥാന തൊഴിലാളികൾക്ക് കോർപറേഷന്റെ ഭാഗത്ത് നിന്നും നൽകേണ്ട എല്ലാ സംരക്ഷണവും നൽകുന്നതോടൊപ്പം മറ്റ് രാജ്യങ്ങളിലുള്ളവർ നുഴഞ്ഞ് കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് തടയും.
നുഴഞ്ഞ് കയറി ഇവിടെ ജോലി ചെയ്യുന്നവർ ഗുരുതരമായ കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഇത് തിരുവനന്തപുരത്ത് അനുവദിക്കില്ല. സ്പാകൾ കേന്ദ്രികരിച്ച് ബംഗ്ലാദേശിൽ നിന്നെത്തിയ വനിതകൾ ജോലിനോക്കുന്നതായി വിവരം ലഭിച്ചത് പോലീസിനെ അറിയിച്ചു. ചിലരെ പോലീസ് അറസറ്റ് ചെയ്തു. സ്പാകളിൽ ഇനിയും ബംഗ്ലാദേശികൾ ജോലി നോക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് കോർപറേഷന്റെ തിരിച്ചറിയൽ കാർഡ് നൽകുന്നത് പരിശോധിക്കുമെന്നും മേയർ അറിയിച്ചു.
നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ജലസേചന മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെന്ന് മേയർ പറഞ്ഞു.
ഓരോ വകുപ്പുകളും അവർ ചെയ്യേണ്ട നടപടി ക്രമങ്ങൾ ചെയ്താലെ വെള്ളക്കെട്ടിന് പരിഹാരമാവുകയുള്ളൂ. കോർപ്പറേഷന്റെ പരിധിയിലുള്ള ഓടകൾ വൃത്തിയാക്കിയിട്ടുണ്ട്. തെരുവുനായകളെ പാർപ്പിക്കാൻ താൽപര്യമുള്ളവരുടെ സമ്മത പത്രം ക്ഷണിച്ചു. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. കൗണ്‍സിലർമാർ യോഗത്തിൽ പങ്കെടുക്കാതെ അവധി പറയുന്നത് രേഖാമൂലവും ഇ-മെയിൽ വഴിയും ഫോണ്‍ മുഖേനയും അറിയിക്കാറുണ്ട്.
ഇതൊക്കെ നോക്കുന്നത് ജീവനക്കാരാണ്. തെരഞ്ഞെടുപ്പിൽ നിരവധി പേർ മത്സരിക്കും. വിജയിച്ച് വരുന്നവർ കൗണ്‍സിലർ ആകും. കൗണ്‍സിലർ ആയ ശേഷം അവർ വാർഡുകളിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടോയെന്ന് നോക്കേണ്ടത് മേയറുടെ ഉത്തരവാദിത്വമാണ്. മുന്‍പ് എത്ര കേസുകളുണ്ടെന്നൊക്കെ മേയർ അന്വേഷിക്കുന്നത് അനുചിതമാണ്. കൗണ്‍സിലർ സുഗതന്റെ വീട്ടിൽ പോയത് മേയർ എന്ന നിലയിലാണ്. അത് അന്വേഷിക്കേണ്ട ചുമതല മേയർക്ക് ഉണ്ട്. അത് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഇല്ല. 101 കൗണ്‍സിലർമാരും നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണെന്നും മേയർ കൂട്ടിച്ചേർത്തു.