കാട്ടാക്കട : കാട്ടാക്കടയിലെ ബേക്കറിയിൽ ഷിഗെല്ലാ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ഇതേത്തുടർന്ന് ബേക്കറി പൂട്ടിച്ചു. തലസ്ഥാനത്ത് ഷിഗെല്ലാ സാന്നിധ്യം ആരോഗ്യ വകുപ്പ് കണ്ടെത്തി റിപ്പോർട്ട് ചെയ്തതും കാട്ടാക്കട സ്വദേശിയുടേതാണെന്നതും ഗൗരവം കൂട്ടുന്നു.
കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വാണിജ്യ സമുച്ചയത്തിലെ കാർത്തിക ബേക്കറിയിൽ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ഒന്നാം തീയതിയാണ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയത് .
ബേക്കറിയിൽ നിന്നും ഉപഭോക്താക്കൾക്ക് കുടിക്കാനായി നൽകുന്ന ഓറഞ്ച് പാനീയത്തിൽ സാമ്പിളുകൾ ശേഖരിച്ചിരുന്നു. പരിശോധന ഫലം കാട്ടാക്കട പഞ്ചായത്തിന് ലഭിക്കുന്നത് കഴിഞ്ഞ ദിവസമാണ്.
തുടർന്ന് കാട്ടാക്കട കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിലെ വിവിധ ബേക്കറികളിൽ പരിശോധന നടത്തി. ആമച്ചൽ ആരോഗ്യ വകുപ്പും പരിശോധന നടത്തി. 10 ദിവസം മുമ്പ് നടന്ന പരിശോധന ഫലം ഇന്നലെ പുറത്തുവന്നത് ആശങ്കയ്ക്ക് ഇട നൽകുന്നു.
കാട്ടാക്കട സ്വദേശിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
കാട്ടാക്കട: കാട്ടാക്കടയിൽ ഒരാൾക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി.
നിലവിൽ ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിൽ തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിൽ നിന്നായി മൂന്ന് കുട്ടികൾക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇവരെല്ലാവരും സുഖം പ്രാപിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.