നെയ്യാറ്റിൻകര : കെഎസ്ആര്‍ടിസി നെയ്യാറ്റിൻകര ഡിപ്പോയ്ക്ക് അമ്പതു വയസ് തികയുന്നു. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തിരി തെളിയും. 1976 ൽ അന്നത്തെ ഗതാഗതമന്ത്രി ആർ. ബാലകൃഷ്ണപിള്ളയാണ് ഡിപ്പോയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു.
കോവളം സോമതീരം റിസോർട്ടിന്റെ സഹകരണത്തോടെ ഡിപ്പോ നവീകരണവും സ്റ്റേഷൻമാസ്റ്റർ ഓഫീസ് ശീതീകരണവും ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാർക്കായി കൂടുതൽ വിശ്രമ സൗകര്യങ്ങൾ ഡിപ്പോയിൽ ഒരുക്കി വരുന്നു. അന്വേഷണങ്ങൾക്കായി പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചു. വനിതാ വിശ്രമ കേന്ദ്രത്തിലെ സൗകര്യങ്ങളും വിപുലീകരിച്ചു.
സുവർണ ജൂബിലി ആഘോഷങ്ങളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നാളെ രാവിലെ പത്തിന് മന്ത്രി സി.പി.ജോൺ നിര്‍വഹിക്കും. എൻ. ശക്തൻ എംഎൽഎ അധ്യക്ഷനാകും. ഡോ. ശശി തരൂർ എംപി, നെയ്യാറ്റിന്‍കര നഗരസഭ ചെയർപെഴ്സൺ ഡബ്ല്യു. ആർ. ഹീബ, സിഎംഡി. ഡോ. പ്രമോജ് ശങ്കർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, യൂണിയൻ പ്രതിനിധികൾ, പൗരപ്രമുഖർ എന്നിവർ യോഗത്തിൽ സംബന്ധിക്കും.
നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാർ നയിക്കുന്ന ഗാനമേള, മുൻകാല ജീവനക്കാര്‍ക്ക് ആദരം, ജീവനക്കാരുടെ മക്കളിൽ മികച്ച വിജയം നേടിയ കുട്ടികള്‍ക്കും കലാ കായിക പ്രതിഭകള്‍ക്കും അനുമോദനം എന്നിവയും നടക്കും.