ചന്ദ്രൻ
പേരൂര്‍ക്കട: തെരുവുനായകളുടെ ക്രൂരമായ ആക്രമണത്തില്‍ കണ്ണിനു ഗുരുതരമായി പരിക്കേറ്റ വയോധികന് ആശുപത്രിവാസത്തിനുശേഷം വീട്ടില്‍ മടങ്ങിയെത്തി. വട്ടിയൂര്‍ക്കാവ് വേട്ടമുക്ക് കട്ടച്ചല്‍ റോഡ് കെ.ആര്.ഡബ്ല്യു.എ 192 സായിപ്രഭയില്‍ വാടകയ്ക്കു താമസിച്ചുവരുന്ന ചന്ദ്രനാണ് (69) തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കും കണ്ണാശുപത്രിയിലെ പരിശോധനകള്‍ക്കും ശേഷം വ്യാഴാഴ്ച വൈകുന്നേരം ബന്ധുക്കളുടെയും വീട്ടുകാരുടെയും സഹായത്തോടെ വീട്ടില്‍ മടങ്ങിയെത്തിയത്.
ഒരാഴ്ച മുമ്പാണ് വീടിന്റെ ഗേറ്റ് കടന്ന് കടയിലേക്കു പോകുകയായിരുന്ന ചന്ദ്രനെ നായകൾ കൂട്ടമായി ആക്രമിച്ചത്. റോഡില്‍ വീണ ഇദ്ദേഹത്തിന്റെ വലതുകണ്ണിന് ഗുരുതര പരിക്കേറ്റു. മുഖത്താകെ മുറിവേറ്റ ചന്ദ്രനെ വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഒരു കൺപോള നഷ്ടപ്പെട്ടതിനെ തുടർന്ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. കൺപോളയ്ക്കായി പ്ലാസ്റ്റിക് സര്‍ജറിയും പൂര്‍ത്തീകരിക്കുകയുണ്ടായി. കൃഷ്ണമണിയില്‍ കടിയേല്‍ക്കാത്തതിനാല്‍ ചികിത്സയിലൂടെ കാഴ്ച തിരികെ ലഭിക്കുകയായിരുന്നു.
പരിശോധനയില്‍ കാഴ്ചയ്ക്കു വേറെ പ്രശ്നങ്ങളില്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൃഷ്ണമണിയുടെ ഭാഗത്ത് ചെറിയരീതിയിലുള്ള അടയാളങ്ങള്‍ ഉള്ളതിനാല്‍ ലെന്‍സ് വയ്ക്കേണ്ടതായി വരും.ഒരാഴ്ചത്തെ പൂര്വിശ്രമം ചന്ദ്രന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.