ഗ്രീന്വാലി ഡെവലപ്ന്റ് സൊസൈറ്റിയുടെ നേതൃത്വത്തില് നടത്തിയ കര്ഷക ദിനാചരണം മന്ത്രി മോന്സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ചെറുതോണി: കർഷക സമ്പത്ത് ഭക്ഷ്യ സുരക്ഷയ്ക്ക് അനിവാര്യമെന്നും കർഷകരാണ് നാടിന്റെ നട്ടെല്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സംഘടിപ്പിച്ച കർഷക ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കർഷകരുടെ ഉന്നമനത്തിനായി ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പോലുള്ള സന്നദ്ധ സംഘടനകളുടെ കാർഷിക വികസന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ. തോമസ് ആനിമൂട്ടിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ റോയ് കെ. പൗലോസ് എംഎൽഎ, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി, ജില്ലാപഞ്ചായത് പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗം ടെസി ജോസഫ്, പഞ്ചായത്തംഗങ്ങളായ മിനി ജോണി, പി.എസ്. ജയ, സൂസമ്മ ഫ്രാൻസിസ്, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ -ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, അനിമേറ്റർ ജിബി ബേബി എന്നിവർ പ്രസംഗിച്ചു.
കർഷക ദിനത്തോടനുബന്ധിച്ച് പ്രായോഗിക കൃഷി രീതികൾ നാളെയുടെ സമ്പത്ത് എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി പരിസ്ഥിതി വിദഗ്ദ്ധനായ കെ.ഐ. ഹുസൈൻ ക്ലാസ് നയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന വിവിധ കർമപദ്ധതികൾക്കും തുടക്കം കുറിച്ചു.
Tags : Local News Nattuvishesham Farmer food security Minister Mons Joseph